
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ജയം സ്വന്തമാക്കിയപ്പോൾ തിളങ്ങിയ താരം അശ്വനി കുമാർ എന്ന ഇടംകൈയ്യൻ പേസ് ബോളറായിരുന്നു. സ്വപ്നസമാനമായ തുടക്കമാണ് അശ്വിനി കുമാർ കാഴ്ചവെച്ചത്.
മത്സരത്തിന്‍റെ നാലാം ഓവറിൽ ആണ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ അരങ്ങേറ്റക്കാരനായ അശ്വനി കുമാറിനെ പന്തേൽപ്പിച്ചത്. ആദ്യ പന്തിൽ തന്നെ കൊൽക്കത്തയുടെ നായകനായ അജിങ്ക്യ രഹാനെയെ പുറത്താക്കിയാണ് അശ്വനി കുമാര്‍ തുടങ്ങിയത്.
പിന്നീട് പതിനൊന്നാം ഓവറിൽ വീണ്ടും പന്തെറിയാനെത്തിയപ്പോൾ അപകടകാരിയായ റിങ്കു സിംഗിനെയും ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മനീഷ് പാണ്ഡെയെയും അശ്വനി മടക്കിയയച്ചു. തന്‍റെ മൂന്നാം ഓവറിൽ ആന്ദ്രെ റസലിനെ ക്ലീൻ ബൗൾഡാക്കി അശ്വനി കുമാര്‍ വിക്കറ്റ് വേട്ട പൂര്‍ത്തിയാക്കി. ആ വിക്കറ്റായിരുന്നു ഏറ്റവും പ്രധാനം. കൊൽക്കത്ത ഓൾ ഔട്ടായില്ലായിരുന്നെങ്കിൽ, അശ്വിനി കുമാറിന് 5 വിക്കറ്റ് നേട്ടം കരസ്ഥമാക്കാനാവുമായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബ് ടീമിലാണ് അശ്വനി കുമാര്‍ കളിക്കുന്നത്. ഇതുവരെ 2 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 4 ലിസ്റ്റ് എ മത്സരങ്ങളിലും 4 ടി20 മത്സരങ്ങളിലുമാണ് അശ്വനി കളിച്ചത്. താരലേലത്തിൽ അശ്വനി കുമാറിനെ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മുംബൈയ്ക്ക് വേണ്ടി ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ബൗളറാണ് അശ്വനി കുമാര്‍. ആദ്യ മത്സരത്തിൽ തന്നെ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ബൗളര്‍മാരുടെ പട്ടികയിൽ നാലാം സ്ഥാനവും അശ്വനി കുമാര്‍ സ്വന്തമാക്കി.
ഏതായാലും മുംബൈയുടെ യുവതാരങ്ങളെ കണ്ടെത്താനുള്ള പരിശ്രമങ്ങളിൽ വിജയിച്ച മറ്റൊരു കണ്ടെത്തലായി മാറിയിരിക്കുകയാണ് അശ്വനി കുമാർ. നേരത്തെ ആദ്യമത്സതത്തിൽ മലയാളി താരം വിഗ്നേഷ് പുത്തൂർ എന്ന പുതുമുഖം തിളങ്ങിയതും വാർത്തയായിരുന്നു.
content highlights: Ashwani Kumar takes wicket off first ball on IPL debut