
ഈ സീസണിൽ ഐ പി എല്ലിൽ ആദ്യമൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് സിഎസ്കെയ്ക്ക് ഈ ഐപിഎല്ലിൽ കൊയ്യാൻ സാധിച്ചിട്ടുള്ളത്. പ്രധാനമായും ഫിനിഷിങ്ങിലെ അഭാവമാണ് അവരെ വലയ്ക്കുന്നത്. ഫിനിഷിങ്ങിൽ വെറ്ററൻ താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കോ ധോണിയ്ക്കോ ഫോമിലെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ധോണിയുടെ വൈകിയിറക്കം പോലെ ജഡേജയുടെ ഫോമും ഇപ്പോൾ ചർച്ചാവിഷയമാണ്.
നിരവധി വര്‍ഷങ്ങളായി ചെന്നൈയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ജഡേജ. പക്ഷെ ഇപ്പോള്‍ ജഡ്ഡുവിനു ബാറ്റിങിലോ, ബൗളിങിലോ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നില്ല. ഫിനിഷിങില്‍ ജഡേജ മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ അവസാന മല്‍സരമുള്‍പ്പെടെ ചെന്നൈയ്ക്ക് ജയിക്കാമായിരുന്നു. ഇതിനെത്തുടർന്ന് ജഡേജയ്ക്കും ധോണിയ്ക്കും നേരെ വിമർശനങ്ങളും ശക്തമാണ്. ഇതിനിടെ ധോണിയ്ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ച് ജഡേജ കുറിച്ച വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുകയാണ്.
എല്ലാം മാറിമറിയും എന്ന അർഥത്തിൽ Things will change എന്നാണ് ജഡേജ ധോണിയ്ക്കൊപ്പമുള്ള കഴിഞ്ഞ മത്സരത്തിലെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. കഴിഞ്ഞ മത്സരത്തിലെ തോൽവിയോടെ മുൻ സി എസ് കെ താരം കൂടിയായ ചേതേശ്വർ പുജാരയടക്കമുള്ളവർ വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു. റൺ ചേസിൽ ഇരുവരും ഒത്തു ചേർന്ന സമയത്ത് തന്നെ ആക്രമിച്ചുകളിക്കാമെന്നായിരുന്നു പുജാരയുടെ വിമർശനം. ഇതിനൊപ്പം ഡെവോൺ കോൺവേയെ ഉൾപ്പെടുത്തി ബാറ്റിങ് ശക്തിപ്പെടുത്തണമെന്നും പുജാര പറഞ്ഞു.
content highlights: Ravindra Jadeja's 3-Word Post On Photo With MS Dhoni Breaks The Internet