
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും നടന്ന ഇന്നത്തെ മത്സരം തുടങ്ങുന്നത് തന്നെ വൈകാരികമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിച്ചായിരുന്നു. ഏഴുവർഷകാലം ആർസിബിക്ക് വേണ്ടി കളിച്ചിരുന്ന ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഇത്തവണ എതിർനിരയിൽ നിന്ന് കൊണ്ട് ജിടിക്കായി ആദ്യ ഓവർ എറിയാനെത്തിയതായിരുന്നു അത്. കോഹ്‌ലിക്ക് എതിരെ ബോൾ ചെയ്തപ്പോൾ താരത്തിന്റെ മുഖം വികാരത്താൽ തുടിക്കുന്നുണ്ടായിരുന്നു. ഒടുവിൽ കോഹ്‌ലിക്കെതിരെ ആദ്യ ബോൾ എറിയാനെത്തിയ താരത്തിന് ഓടിയെത്തിയ ശേഷം അതിൽ നിന്ന് പിന്മാറേണ്ടിയും വന്നു. ശേഷം അടുത്ത റൺ അപ്പിലാണ് താരം ആദ്യ ബോൾ എറിഞ്ഞത്. അത് കോഹ്‌ലി ബൗണ്ടറിയിലേക്ക് പായിക്കുകയും ചെയ്തു.
നേരത്തെ ആർസിബി വിടേണ്ടി വന്നത് ഏറെ ഹൃദയ ഭേദമായിരുന്നുവെന്ന് സിറാജ് സീസണിന് മുമ്പേ പറഞ്ഞിരുന്നു. തന്റെ കരിയറിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു വിരാട് കോഹ്‌ലിയെന്നും ആ ആത്മ ബന്ധം അതുപോലെ തന്നെ തുടരുമെന്നും സിറാജ് അന്ന് പറഞ്ഞു.
ഹൈദരാബാദിലെ ഓട്ടോ ഡ്രൈവറുടെ മകൻ. ക്രിക്കറ്റുമായി മുന്നോട്ടുപോകാൻ സിറാജിന് സഹോദരന്റെ പിന്തുണയുണ്ടായിരുന്നു. 2017ലെ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി സിറാജ് അരങ്ങേറി. തൊട്ടടുത്ത വർഷം സിറാജ് ആർസിബിയിലെത്തി. തല്ലുകൊള്ളിയെന്നും കോഹ്‍ലിയുടെ പെറ്റെന്നും സിറാജ് പരിഹസിക്കപ്പെട്ടു. പക്ഷേ കോഹ്‍ലിയുടെ പിന്തുണയിൽ ആർസിബിയിൽ തന്നെ അയാൾ കളിച്ചുതെളിഞ്ഞു. ഇന്ത്യൻ ടീമിലെത്തിയപ്പോൾ ആർസിബി കോട്ടയുടെ താരമെന്നായിരുന്നു പരിഹാസം. പക്ഷേ കഠിനാദ്ധ്വാനം ആ കരിയർ മാറ്റിമറിച്ചു. ചെണ്ട സിറാജ് എന്ന് വിളിച്ചവരെകൊണ്ട് സിറാജ് ഇക്കയെന്ന് മാറ്റിവിളിപ്പിച്ചു. അയാൾ തെലങ്കാന ഡിഎസ്പിയായി, ഇന്ത്യൻ പേസ് നിരയുടെ കുന്തമുനയായി.
അതേ സമയം 2018-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ ചേർന്ന ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഏഴുവർഷത്തെ നീണ്ട കാലയളവിന് ശേഷമാണ് ക്ലബ് വിടുന്നത്. 2025 ലെ ഐപിഎൽ താര ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് (ജിടി) 12.25 കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കി. ആർസിബിയും താരത്തിനായി ലേലത്തിൽ രംഗത്തുവന്നിരുന്നുവെങ്കിലും ബജറ്റ് കുറവിൽ പിന്നീട് പിന്മാറേണ്ടി വന്നു. ആർസിബിക്ക് വേണ്ടി 87 മത്സരങ്ങളിൽ നിന്ന് 83 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ പേസർ, ഫ്രാഞ്ചൈസിയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരൻ കൂടിയാണ്.
Content Highlights: siraj stopped his first run up vs Kohli