സിറാജിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികൾ; ആർസിബിക്കെതിരെ പന്തെറിയണം, ഇന്ത്യൻ ടീമിൽ തിരിച്ചെത്തണം

ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനം സിറാജിന് ഇന്ത്യൻ ടീമിന് പുറത്തേയ്ക്കുള്ള വഴിതെളിച്ചിരുന്നു

dot image

വരാനിരിക്കുന്നത് കടുത്ത പരീക്ഷണങ്ങളുടെ ദിവസങ്ങളാണ്. ഏപ്രിൽ രണ്ടാം തിയതി ആർസിബിക്കെതിരെ പന്തെറിയണം. വിരാട് ഭായുടെ വിക്കറ്റ് നേടാനായി ശ്രമിക്കേണ്ടതുണ്ട്. അയാൾ ഇപ്പോൾ ആർസിബിക്ക് എതിരാളിയാണ്. കരിയറിൽ ഉന്നതങ്ങളിലെത്തുന്നതിന് കാരണമായ ആർസിബിയ്ക്കും അവരുടെ രാജാവ് വിരാട് കോഹ്‍ലിക്കും എതിരാളി. മുഹമ്മദ് സിറാജ് ഇനി ശുഭ്മൻ ​ഗില്ലിന്റെ ​ഗുജറാത്ത് ടൈറ്റൻസിനായി പന്തെറിയും.

ആർസിബിയെയും കിങ് കോഹ്‍ലിയെയും വിട്ടുപോകുന്നത് ഏറെ വൈകാരികമെന്ന് മുഹമ്മദ് സിറാജ് പറഞ്ഞുകഴിഞ്ഞു. 'ക്രിക്കറ്റിൽ എന്റെ ഉയർച്ചയ്ക്ക് വിരാട് കോഹ്‍ലി വലിയ പിന്തുണ നൽകി. 2018, 2019 വർഷങ്ങളിൽ, എന്റെ മോശം സമയങ്ങളിൽ വിരാട് ഭായ് ഏറെ പിന്തുണച്ചു. റോയൽ ചലഞ്ചേഴ്സിനൊപ്പം എന്റെ കരിയർ ഉയർന്നു. അതിന് ഏറെ പിന്തുണ നൽകിയത് കോഹ്‍ലിയാണ്. ആർസിബി വിട്ടുപോകുന്നത് എനിക്ക് ഏറെ വൈകാരികമായ കാര്യമാണ്. ഏപ്രിൽ രണ്ടിന് ആർസിബിയ്ക്കെതിരെ മത്സരം വരുന്നു. അന്ന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.' മുഹമ്മദ് സിറാജ് പറയുന്നത് ഇങ്ങനെ.

ഹൈദരാബാദിലെ ഓട്ടോ ഡ്രൈവറുടെ മകൻ. ക്രിക്കറ്റുമായി മുന്നോട്ടുപോകാൻ സിറാജിന് സഹോദരന്റെ പിന്തുണയുണ്ടായിരുന്നു. 2017ലെ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി സിറാജ് അരങ്ങേറി. തൊട്ടടുത്ത വർഷം സിറാജ് ആർസിബിയിലെത്തി. തല്ലുകൊള്ളിയെന്നും കോഹ്‍ലിയുടെ പെറ്റെന്നും സിറാജ് പരിഹസിക്കപ്പെട്ടു. പക്ഷേ കോഹ്‍ലിയുടെ പിന്തുണയിൽ ആർസിബിയിൽ തന്നെ അയാൾ കളിച്ചുതെളിഞ്ഞു. ഇന്ത്യൻ ടീമിലെത്തിയപ്പോൾ ആർസിബി കോട്ടയുടെ താരമെന്നായിരുന്നു പരിഹാസം. പക്ഷേ കഠിനാദ്ധ്വാനം ആ കരിയർ മാറ്റിമറിച്ചു. ചെണ്ട സിറാജ് എന്ന് വിളിച്ചവരെകൊണ്ട് സിറാജ് ഇക്കയെന്ന് മാറ്റിവിളിപ്പിച്ചു. അയാൾ തെലങ്കാന ഡിഎസ്പിയായി, ഇന്ത്യൻ പേസ് നിരയുടെ കുന്തമുനയായി.

വീണ്ടുമൊരിക്കൽ കൂടി കരിയറിൽ സിറാജ് വെല്ലുവിളികൾ നേരിടുകയാണ്. ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനം സിറാജിന് ഇന്ത്യൻ ടീമിന് പുറത്തേയ്ക്കുള്ള വഴിതെളിച്ചു. കിങ് കോഹ്‍ലിയെയും ആർസിബിയെയും വിട്ട് സിറാജ് ​ഗുജറാത്തിലേക്ക് യാത്ര ആകുകയാണ്. ഇനി സ്വയം തെളിയിക്കണം. വീണ്ടും നീലകുപ്പായത്തിൽ തിരികെയെത്തണം.

Content Highlights: Mohammed Siraj need to face huge challanges in IPL 2025

dot image
To advertise here,contact us
dot image