
ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടിയായി സൂപ്പർ താരം കഗിസൊ റബാഡയുടെ പിന്മാറ്റം. താരം വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് ടീം വ്യക്തമാക്കി. റബാഡ ഇനി ടീമിനൊപ്പം എന്ന് തിരിച്ചെത്തുമെന്ന കാര്യം മാനേജ്‌മെന്റ് വെളിപ്പെടുത്തിയിട്ടില്ല.
ബെംഗളൂരുവിനെതിരായ ഇന്നലെ നടന്ന മത്സരത്തില്‍ റബാഡ കളിച്ചിരുന്നില്ല. ആദ്യ രണ്ട് മത്സരത്തിലും ഗുജറാത്തിനായി പന്തെറിഞ്ഞ റബാഡയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയിരുന്നു. പഞ്ചാബ് കിങ്സിനെതിരെ 41 റണ്‍സ് വഴങ്ങി. മുംബൈ ഇന്ത്യൻസിനെതിരെ 42 റണ്‍സും. ഇരു മത്സരത്തിലും ഓരോ വിക്കറ്റുകളാണ് നേടിയത്. 10.75 കോടിക്കാണ് റബാഡയെ ഇത്തവണ ജിടി സ്വന്തമാക്കിയിരുന്നത്.
അതേ സമയം ഇന്നലെ ബെംഗളൂരുവിനെ തോൽപ്പിച്ചതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ ഗുജറാത്ത് പോയിന്റ് ടേബിളിൽ ചെറിയ കുതിപ്പ് നടത്തി. നിലവിൽ 0.807 റൺ റേറ്റോടെ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്.
content highlights:Kagiso Rabada returns home from IPL 2025