
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ റിഷഭ് പന്തിനും ബൗളർ ദിഗ്‌വേഷ് രാതിക്കും പിഴ വിധിച്ച് ബിസിസിഐ. സ്ലോ ഓവർ റേറ്റാണ് പന്തിന് പിഴ വിധിക്കാൻ കാരണം. 12 ലക്ഷം രൂപയാണ് റിഷഭ് പന്തിന് പിഴ വിധിച്ചിരിക്കുന്നത്. നോട്ട്ബുക്ക് സെലിബ്രേഷനാണ് ദിഗ്‌വേഷ് രാതിക്ക് വിനയായത്. മുംബൈ ഇന്ത്യൻസ് താരം നമൻ ധിറിൻ്റെ വിക്കറ്റ് നേട്ടം അമിത ആവേശത്തിൽ ആഘോഷിച്ചതിന് ദിഗ്‌വേഷ് രാതിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തുകയും രണ്ട് ഡീമെറിറ്റ് പോയിൻ്റുകൾ നൽകുകയും ചെയ്തു. പഞ്ചാബ് കിങ്സിനെതിരായ കഴിഞ്ഞ മത്സരത്തിന് പിന്നാലെയും നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയതിന് ദിഗ്‌വേഷിന് പിഴ ലഭിച്ചിരുന്നു. അന്ന് പ്രിയാൻഷ് ആര്യയെയ്ക്കെതിരായിരുന്നു ദിഗ്വേഷിന്റെ നോട്ട്ബുക്ക് സെലിബ്രേഷൻ മാച്ച് ഫീയുടെ 25 ശതമാനം ഫൈനും ഒരു ഡിമെറിറ്റ് പോയിന്റുമാണ് ദിഗ്‌വേഷിന് വിധിച്ചത്.
മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് വിജയം നേടി. 12 റൺസിനാണ് മുംബൈ ഇന്ത്യൻസിനെ ലഖ്നൗ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം എന്നിവരുടെ അർധ സെഞ്ച്വറികളാണ് ലഖ്‌നൗവിന് തുണയായത്. മിച്ചൽ മാർഷ് 31 പന്തിൽ രണ്ട് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 60 റൺസുമായി പുറത്തായി. മാർക്രം 38 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 53 റൺസ് നേടി. 19 പന്തിൽ 30 റൺസെടുത്ത് ആയുഷ് ബദോനിയും 14 പന്തിൽ 27 റൺസെടുത്ത് ഡേവിഡ് മില്ലറും ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസ് 20 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റിന് 191 എന്ന സ്കോർ നേടാനെ സാധിച്ചുള്ളു. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് 67 റൺസും നമാൻ ദിർ 46 റൺസും നേടി. തിലക് വർമ 25 റൺസും ഹർദിക് പാണ്ഡ്യ 28 റൺസും നേടി.
Content Highlights: Digvesh Rathi fined again, Rishabh Pant penalised for slow over-rate