മത്സരത്തിനിടെ കറണ്ട് പോയി; ഇരുട്ടിലായി കിവീസ്-പാക് താരങ്ങൾ

കിവീസ് പേസർ ജേക്കബ് ഡഫിയുടെ 39-ാം ഓവറിലെ അഞ്ചാം പന്ത് എറിയാൻ തുടങ്ങുമ്പോഴാണ് ഗ്രൗണ്ടിലെ ലൈറ്റുകളെല്ലാം അണഞ്ഞത്

dot image

ന്യൂസിലൻഡ്-പാകിസ്ഥാൻ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ അസാധാരണമായ സംഭവങ്ങൾ. മത്സരത്തിന്റെ അവസാന ഓവറുകൾ അടുത്തുകൊണ്ടിരിക്കെ പെട്ടെന്ന് സ്റ്റേഡിയത്തിൽ വൈദ്യുതി നിലച്ചു. കിവീസ് പേസർ ജേക്കബ് ഡഫിയുടെ 39-ാം ഓവറിലെ അഞ്ചാം പന്ത് എറിയാൻ തുടങ്ങുമ്പോഴാണ് ഗ്രൗണ്ടിലെ ലൈറ്റുകളെല്ലാം അണഞ്ഞത്. ഡഫി പന്തെറിഞ്ഞതോടെ ക്രീസിലുണ്ടായിരുന്ന പാകിസ്താൻ ബാറ്റർ തയ്യബ് താഹിർ പന്ത് ശരീരത്തിൽ കൊള്ളാതിരിക്കാൻ പിന്നോട്ട് ഓടി മാറി. ഏതാനും നിമിഷങ്ങൾ ​സ്റ്റേഡിയം ഇരുട്ടിലാകുകയും ചെയ്തു.

മത്സരത്തിൽ ന്യൂസിലാൻഡ് 43 റൺസിന്റെ വിജയവും സ്വന്തമാക്കി. 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 40 ഓവറിൽ 221 റൺസിൽ എല്ലാവരും പുറത്തായി.

നേരത്തെ ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാൻഡ് മുൻനിരയിലെ മിക്ക താരങ്ങളും ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തു. റഹീസ് മരിയു 58, ഹെൻ‍റി നിക്കോളാസ് 31, ഡാരൽ മിച്ചൽ 43, ടിം സെയ്ഫേർട്ട് 26, ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‍വെൽ 59 എന്നിങ്ങനെ സംഭാവന ചെയ്തു. പാകിസ്താനായി അഖിഫ് ജാവേദ് നാല് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ പാകിസ്താനും നന്നായി ബാറ്റ് ചെയ്തെങ്കിലും ലക്ഷ്യത്തിലേക്കെത്താനുള്ള പോരാട്ടം ഉണ്ടായില്ല. അബ്ദുള്ള ഷെഫീക്ക് 33, ബാബർ അസം 50, മുഹ​മ്മദ് റിസ്വാൻ 37, തായിബ് താഹിർ 33 എന്നിങ്ങനെയുള്ള പ്രകടനവും നടത്തി. ന്യൂസിലാൻഡിനായി ബെൻ സീയേഴ്സ് തുടർച്ചയായ രണ്ടാം മത്സരത്തിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

Content Highlights: Lights Go Off At Bay Oval In NZ vs PAK 3rd ODI

dot image
To advertise here,contact us
dot image