
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ധോണിയുടെ വിരമിക്കലിനെക്കുറിച്ചാണ് ഫ്ലെമിങ് നേരിട്ട ഒരു ചോദ്യം. അതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ചെന്നൈ പരിശീലകൻ മറുപടി പറഞ്ഞത്. 'ധോണി വിരമിക്കൽ എന്റെ കാര്യമല്ല. അതിനെക്കുറിച്ച് എനിക്ക് അറിയില്ല. ഞാൻ ഇപ്പോൾ ധോണിക്കൊപ്പം ജോലി ചെയ്യുന്നത് ആസ്വദിക്കുന്നു. ഇപ്പോഴും മികച്ച പ്രകടനമാണ് ധോണി പുറത്തെടുക്കുന്നത്. ഞാൻ ഇത്തരം കാര്യങ്ങളൊന്നും ധോണിയോട് ചോദിക്കാറില്ല. നിങ്ങളിലാരെങ്കിലും ധോണിയെ കണ്ടാൽ ചോദിച്ചുകൊള്ളൂ.' മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഫ്ലെമിങ് പ്രതികരിച്ചു.
ഡൽഹിക്കെതിരെ വിജയ് ശങ്കറിന്റെ മെല്ലെപ്പോക്കിനെക്കുറിച്ചും ഫ്ലെമിങ് പ്രതികരിച്ചു. '12-16 ഓവർ വരെയുള്ള ആ സമയം ബാറ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ ഓവറുകളിൽ പന്ത് കൂടുതൽ ഗ്രിപ്പ് ചെയ്യാൻ തുടങ്ങി. വിജയ് ശങ്കർ മത്സരം മുഴുവൻ ബുദ്ധിമുട്ടി. ആ സമയത്ത് കളി കൈവിട്ടുപോവുകയായിരുന്നു. വലിയ ഷോട്ടുകളെടുക്കാൻ ശ്രമിച്ചിട്ടും വിജയ് ശങ്കറിന് അത് സാധിച്ചില്ല.' ഫ്ലെമിങ് വ്യക്തമാക്കി.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ 25 റൺസ് വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. രാഹുലിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. ചെന്നൈയുടെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസിൽ അവസാനിച്ചു.
Content Highlights: CSK coach Fleming hints at Dhoni won't retire