
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ വിജയത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ പ്രകീർത്തിച്ച് സഹതാരം റിയാൻ പരാഗ്. 'വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒരു ലീഡറാണ് സഞ്ജു സാംസൺ. കളത്തിന് പുറത്തായിരുന്നപ്പോൾ പോലും ഒരു ലീഡറിന്റെ വ്യക്തിത്വമായിരുന്നു സഞ്ജുവിന്. ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നത് വലിയൊരു നേട്ടമാണ്. എപ്പോഴും രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം സഞ്ജുവിന്റെ സാന്നിധ്യമുണ്ട്.' റിയാൻ പരാഗ് മത്സരശേഷം പ്രതികരിച്ചു.
പവർപ്ലേയിലെ സാവധാനം റൺസ് നേടിയതിനെക്കുറിച്ചും പരാഗ് സംസാരിച്ചു. 'അതായിരുന്നു ടീം പ്ലാൻ. പവർപ്ലേയിൽ റൺസ് നേടുന്നത് നിർണായകമായിരുന്നു. ഔട്ട്ഫീൽഡിന് വേഗത കുറവാണെന്ന് അറിയാമായിരുന്നു. അതുകൊണ്ട് 16-ാം ഓവർ വരെ സാവധാനം കളിക്കുകയും അതിനുശേഷം വേഗത കൂട്ടുകയും ചെയ്യുക എന്നതായിരുന്നു ടീം പദ്ധതി. എൻ്റെ കഴിവിൻ്റെ പരമാവധി മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ എനിക്ക് നിർണായ സംഭാവന നൽകാൻ കഴിഞ്ഞ രീതിയിൽ സന്തോഷമുണ്ട്.' റിയാൻ പരാഗ് വ്യക്തമാക്കി.
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസ് 50 റൺസിനാണ് വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിലെത്താനെ പഞ്ചാബിന് സാധിച്ചുള്ളു.
Content Highlights: Riyan Parag praises Sanju Samson is a great leader