
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ വിജയത്തോടെ ചരിത്ര നേട്ടം കൈവരിച്ച് രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിനെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച നായകനെന്ന റെക്കോർഡ് സഞ്ജു സ്വന്തമാക്കി. 62 മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച സഞ്ജു 32 തവണ വിജയം നേടി. 55 മത്സരങ്ങളിൽ ടീമിനെ നയിച്ച ഷെയ്ൻ വോൺ 31 വിജയങ്ങളാണ് നേടിയത്. 40 മത്സരങ്ങളിൽ നിന്ന് 23 വിജയങ്ങളുള്ള രാഹുൽ ദ്രാവിഡാണ് ഈ പട്ടികയിൽ മൂന്നാമതുള്ളത്.
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 50 റൺസിന്റെ തകർപ്പൻ വിജയമാണ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. ഓപണർമാരായ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും രാജസ്ഥാനായി തകർപ്പൻ തുടക്കമാണ് നൽകിയത്. 26 പന്തിൽ 38 റൺസെടുത്ത് സഞ്ജു പുറത്തായി. ആറ് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. 45 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സറും സഹിതം 67 റൺസാണ് ജയ്സ്വാളിന്റെ സമ്പാദ്യം. 25 പന്തിൽ 43 റൺസുമായി റിയാൻ പരാഗും തകർത്തടിച്ചതോടെ പഞ്ചാബിന്റെ വിജയലക്ഷ്യം 206 ആയി ഉയർന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച പഞ്ചാബിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. പ്രിയൻഷ് ആര്യ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവരെ ആർച്ചർ മടക്കി. 43 റൺസിന് നാല് വിക്കറ്റെന്ന നിലയിൽ തകർന്ന പഞ്ചാബിനെ നെഹാൽ വദേരയും ഗ്ലെൻ മാക്‌സ്‌വെലും ചേർന്ന് കരകയറ്റാൻ ശ്രമിച്ചു. 30 റൺസുമായി മാക്സ്‍വെല്ലും പിന്നാലെ 62 റൺസുമായി നെഹാൽ വദേരയും മടങ്ങിയതോടെ പഞ്ചാബ് പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.
Content Highlights: Sanju Samson goes past Warne to become Rajasthan Royals’ most successful captain