
ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. ഏറെക്കാലത്തിന് ശേഷം സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര തിരിച്ചെത്തുന്നതാണ് സീസണിൽ നാല് കളിയിൽ മൂന്നിലും തോറ്റ മുംബൈ ഇന്ത്യൻസിന്റെ ആശ്വാസം. പരിക്കുമൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന രോഹിത് ശർമ ഈ മത്സരത്തിൽ തിരിച്ചെത്തും.
അതേ സമയം ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ബോളറായ ബുംമ്ര തിരിച്ചെത്തുമ്പോൾ താരത്തെ എങ്ങനെ നേരിടണമെന്ന് വിരാട് കോഹ്‌ലിയോടും ഫിൽ സൾട്ടിനോടും ഉപദേശിക്കുകയാണ് സഹതാരം ടിം ഡേവിഡ്. താരം എറിയുന്ന ആദ്യ പന്തില്‍ തന്നെ സിക്സോ ഫോറോ അടിച്ചായിരിക്കണം വരവേല്‍ക്കേണ്ടതെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ടിം ഡേവിഡ് പറഞ്ഞു.
ബുംമ്രയുടെ പന്ത് നേരിടുന്നത് കോലിയോ സാള്‍ട്ടോ ആരായാലും സിക്സോ ഫോറോ അടിച്ചായിരിക്കണം വരവേല്‍ക്കേണ്ടത്. കാരണം, അത് നല്‍കുന്ന സന്ദേശം ചെറുതായിരിക്കില്ല. എന്നാല്‍ ബുംമ്രയെ നേരിടുമ്പോള്‍ യോര്‍ക്കറില്‍ നിന്ന് രക്ഷ നേടാനായി തന്‍റെ കാല്‍പ്പാദം സംരക്ഷിച്ചു നിര്‍ത്തുമെന്നും ടിം ഡേവിഡ് പറഞ്ഞു.
അതേ സമയം ഉപദേശം കുറച്ചുകൂടിപോയില്ലേ എന്നും കളി ബുംമ്രയോട് വേണമായിരുന്നോ എന്നുമാണ് ആരാധകർ ചോദിക്കുന്നത്. ഡിസംബറില്‍ നടന്ന ഐപിഎല്‍ മെഗാ താരലേലത്തില്‍ 8.25 കോടി രൂപക്കാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടിം ഡേവിഡിനെ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആര്‍സിബിക്കായി ഫിനിഷറായി ഇറങ്ങിയ ടിം ഡേവിഡ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 8 പന്തില്‍ പുറത്താകാതെ 22 റണ്‍സും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 18 പന്തില്‍ 32 റണ്‍സുമെടുത്തിരുന്നു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടെയാണ് ബുംമ്രയ്ക്ക് പരിക്കേല്‍ക്കുന്നത്. പരിക്കുമൂലം പുറത്താകുന്നതിന് മുമ്പ് അദ്ദേഹം മികച്ച ഫോമിലായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിൽ നിന്ന് 32 വിക്കറ്റുകൾ നേടിയ തരാം പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടുകയും ചെയ്തു. ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും ചാംപ്യൻസ് ട്രോഫിയും പരിക്കുമൂലം താരത്തിന് നഷ്ടമായി.
ഇതുവരെ കളിച്ച 133 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 165 വിക്കറ്റുകൾ നേടിയിട്ടുള്ള ബുംമ്രയെ മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് 18 കോടി രൂപയ്ക്ക് നിലനിർത്തിയിരുന്നു. ഐപിഎല്ലിന്റെ അവസാന സീസണിൽ 13 മത്സരങ്ങൾ കളിക്കുകയും 20 വിക്കറ്റുകൾ നേടുകയും ചെയ്തു.
Content Highlights: 'Hit Jasprit Bumrah's First Ball For 4 Or 6': Tim David's Request on rcb players