ആവേശം അവസാന പന്ത് വരെ; വാംഖഡെയിൽ മുംബൈ പൊരുതി തോറ്റു

തിലക് വർമയും ഹാർദിക് പാണ്ഡ്യയുമാണ് ഉ​ഗ്രൻ ഫോമിൽ കളിച്ചത്

dot image

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് മൂന്നാം ജയം. മുംബൈ ഇന്ത്യൻസിനെ 12 റൺസിനാണ് റോയൽ ചലഞ്ചേഴ്സ് തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനെ മുംബൈയ്ക്ക് സാധിച്ചുള്ളു.

നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തിരഞ്ഞെടുത്തു. നാല് റൺസെടുത്ത ഫിൽ സോൾട്ടിന് രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. പിന്നാലെ വിരാട് കോഹ്‍ലിയും ദേവ്ദത്ത് പടിക്കലും ക്രീസിൽ ഒന്നിച്ചതോടെ ആർസിബി വെടിക്കെട്ടുമായി മുന്നേറി. 22 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സറും സഹിതം പടിക്കൽ 37 റൺസെടുത്തു. കോഹ്‍ലി 67 റൺസെടുത്ത് പുറത്തായി. 42 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതമായിരുന്നു കോഹ്‍ലിയുടെ ഇന്നിം​ഗ്സ്. രണ്ടാം വിക്കറ്റിൽ കോഹ്‍ലിയും പാട്ടിദാറും ചേർന്ന് 91 റൺസ് കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെതായിരുന്നു അടുത്ത ഊഴം. 32 പന്തിൽ അഞ്ച് ഫോറും നാല് സിക്സറും സഹിതം 64 റൺസെടുത്താണ് പാട്ടിദാറിന്റെ സമ്പാദ്യം. 19 പന്തിൽ പുറത്താകാതെ 40 റൺസുമായി ജിതേഷ് ശർമയും തന്റെ വെടിക്കെട്ട് മികവ് പുറത്തെടുത്തു. രണ്ട് ഫോറും നാല് സിക്സറും സഹിതമായിരുന്നു ജിതേഷിന്റെ ഇന്നിം​ഗ്സ്. മുംബൈ ഇന്ത്യൻസിനായി ഹാർദിക് പാണ്ഡ്യയും ട്രെന്റ് ബോൾട്ടും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ മുംബൈയ്ക്കായി രോഹിത് ശർമ 17 റൺസെടുത്തും റയാൻ റിക്ലത്തോൺ ഒമ്പത് റൺസുമായും നേരത്തെ മടങ്ങി. പിന്നാലെ വിൽ ജാക്സ് 22 റൺസും സൂര്യകുമാർ 28 റൺസും സംഭാവന ചെയ്തു. തിലക് വർമയും ഹാർദിക് പാണ്ഡ്യയുമാണ് ഉ​ഗ്രൻ ഫോമിൽ കളിച്ചത്. 29 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം തിലക് 56 റൺസെടുത്തു. 15 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം ഹാർദിക് പാണ്ഡ്യ 42 റൺസെടുത്തു. ഇരുവരുടെയും വിക്കറ്റ് നഷ്ടമായിടത്ത് മുംബൈയ്ക്ക് മത്സരം നഷ്ടമായി. അവസാന ഓവറിൽ മൂന്ന് വിക്കറ്റ് ഉൾപ്പെടെ നാല് പേരെ വീഴ്ത്തി ക്രുണാൽ പാണ്ഡ്യയാണ് മുംബൈയ്ക്ക് വിജയം നിഷേധിച്ചത്.

Content Highlights: Virat Kohli, Krunal Pandya Shine As RCB Register Stunning Win In Last-Over Thriller

dot image
To advertise here,contact us
dot image