
ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. 12 റൺസിനാണ് തോൽവി വഴങ്ങിയത്. അഞ്ചുമത്സരങ്ങൾ കളിച്ച മുംബൈയുടെ അഞ്ചാം തോൽവിയാണ് അത്. അതേ സമയം മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ ഇന്നലത്തെ മത്സരത്തിലും ഭേദപ്പെട്ട പ്രകടനം നടത്തി.
ആദ്യ ഓവറിൽ തന്നെ വിക്കറ്റെടുക്കുന്ന മികവ് ഈ മത്സരത്തിലും വിഘ്‌നേഷ് തുടർന്നപ്പോൾ ദേവ്ദത്ത് പടിക്കലിനെ പുറത്താക്കി. ഇതോടെ മത്സരത്തിൽ നിർണായകമായി മാറിയ കൂട്ടുകെട്ട് പൊളിക്കാനും വിഘ്നേഷിന് സാധിച്ചു. 91 റൺസാണ് ദേവ്ദത്ത് പടിക്കലും കോഹ്ലിയും ചേർന്ന് അതുവരെ അടിച്ചുകൂട്ടിയത്.
മത്സരത്തിന്റെ ഒമ്പതാം ഓവറാണ് താരം എറിഞ്ഞത്. പത്തു റൺസാണ് വിട്ടുകൊടുത്തത്. എന്നാൽ പിന്നീട് താരത്തിന് ഓവർ നൽകാൻ ഹാർദിക് പാണ്ഡ്യ തയാറായില്ല. ട്രെന്റ് ബോൾട്ട്, ദീപക് ചഹാർ തുടങ്ങി നാലോവർ എറിഞ്ഞ താരങ്ങളെല്ലാം വലിയ റൺസുകൾ വിട്ടുകൊടുത്തപ്പോഴും വിഘ്‌നേഷിന് രണ്ടാം ഓവർ നൽകാൻ ഹാർദിക് തയ്യാറായില്ല. ആർസിബി ബാറ്റിങ് തീരുംമുൻപേ വിഘ്നേഷിനെ പിൻവലിച്ച മുംബൈ, ഇംപാക്ട് സബ്ബായി രോഹിത് ശർമയെ ഗ്രൗണ്ടിലിറക്കുകയും ചെയ്തു.
ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി നാലു മത്സരങ്ങള്‍ കളിച്ച വിഘ്നേഷ് ഇതുവരെ ആറു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. എന്നിട്ടും താരത്തെ മികച്ച രീതിയിൽ ഉപയോഗിക്കാൻ ഹാർദിക് തയ്യാറാവാത്തത് തോൽവിക്ക് കാരണമാകുന്നുവെന്നും വിമർശനമുണ്ട്.
Content Highlights: Breakthrough in the first over; Hardik did not give Vignesh a second over