
കഴിഞ്ഞ മത്സരത്തിൽ ആർസിബിയോടും തോറ്റതോടെ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ദൈവത്തിന്റെ പോരാളികളായ മുംബൈ. കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടായ വാംഖഡെയില് റോയല് ചാലഞ്ചേഴ്സ് ബെംഗളുരുവിനോടു 12 റണ്സിനാണ് ഹാര്ദിക് പാണ്ഡ്യയും സംഘവും തോറ്റത്. നിലവില് അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ടു പോയിന്റ് മാത്രാണ് മുംബൈയ്ക്ക് ഉള്ളത്. അഞ്ച് മത്സരങ്ങളിൽ നിന്നും അവർക്ക് ജയിക്കാനായത് ഒരു മത്സരത്തിൽ മാത്രമാണ്.
കൊല്ക്കത്തയ്ക്കെതിരെ നേടിയ എട്ടു വിക്കറ്റിന്റെ വിജയം മാത്രമാണ് മുംബൈയ്ക്കു ആശ്വസിക്കാനുള്ളത്. ചെന്നൈ സൂപ്പര് കിങ്സ്, ഗുജറാത്ത് ടൈറ്റന്സ്, ലഖ്നൗ സൂപ്പര് ജയന്റ്സ്, ആര്സിബി എന്നീ നാലു ടീമുകളോടു അവര് കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ സീസണില് പോയിന്റ് പട്ടികയില് അവസാന സ്ഥാനത്താണ് അവര് ഫിനിഷ് ചെയ്തത്. ഈ സീസണിലും അതിന് മാറ്റമുണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്ന പ്രധാനകാര്യങ്ങളിലൊന്ന്. അപ്പോൾ പ്ലേ ഓഫിലെത്താൻ ഇനി എത്ര മത്സരങ്ങൾ മുംബൈ ജയിക്കണം? നമുക്കൊന്ന് പരിശോധിക്കാം.
ഐപിഎല്ലിന്റെ പ്രാഥമിക റൗണ്ടില് ഓരോ ടീമിനും 14 മല്സരങ്ങള് വീതമാണുള്ളത്. ഇവയില് അഞ്ചെണ്ണം മുംബൈ ഇന്ത്യന്സ് ഇപ്പോള് കളിച്ചു കഴിഞ്ഞു. ജയിക്കാനായത് ഒന്നില് മാത്രമാണ്. ഈ സീസണില് ഒമ്പതു മല്സരങ്ങളാണ് മുംബൈയ്ക്കു ബാക്കിയുള്ളത്. ഇതില് ആറെണ്ണം വിജയിക്കാനായാല് അവര്ക്കു 14 പോയിന്റ് നേടാം. മറ്റു ടീമുകളുടെ മത്സരഫലമനുസരിച്ച് പ്ലേ ഓഫിലെത്താൻ ഏറ്റവും ചുരുങ്ങിയത് വേണ്ടത് ഇത്രയും പോയിന്റുകളാണ്. അവശേഷിക്കുന്ന മത്സരങ്ങളിൽ ഏഴെണ്ണം വിജയിക്കാനായാൽ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യതകർ കുറച്ച് കൂടി ഉറപ്പിക്കാം.
നേരത്തേ മറ്റു ചില സീസണുകളിൽ ചില ഗംഭീര തിരിച്ചുവരവുകള് നടത്തി ടൂര്ണമെന്റിലേക്കു ശക്തമായി മടങ്ങിവന്ന ചരിത്രവും മുംബൈയ്ക്കുണ്ട്. അതുകൊണ്ടു തന്നെ അവരെ പൂര്ണമായി എഴുതിത്തള്ളാനും സാധിക്കില്ല. ഇതിനൊപ്പം നെറ്റ് റണ്റേറ്റും കൂട്ടാനും മുംബൈ ശ്രമിക്കേണ്ടതുണ്ട്.
നിലവിൽ കഴിഞ്ഞ ഐപിഎല്ലിലേതിനു സമാനമായി ഈ സീസണിലും മുംബൈ കിതക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. ഹാർദികിന്റെ കീഴിൽ ഒത്തിണക്കമില്ലാത്ത ഒരു മുംബൈ ടീമിനെയാണ് നമുക്ക് ഈ സീസണിലും കാണാൻ കഴിഞ്ഞിരിക്കുന്നത്. വമ്പൻ താരനിരയുമായി എത്തിയിട്ടും നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെക്കാന് മുംബൈക്ക് കഴിയുന്നില്ല എന്നതാണ് പ്രധാനകാര്യം. ഇതിനൊപ്പം ടീമിനുള്ളില് ഭിന്നത ശക്തമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്. ഹാർദികിനെ മാറ്റി സൂര്യയെ നായകനാക്കണമെന്ന് ഒരു വിഭാഗം കളിക്കാർ ആവശ്യപ്പെട്ട് രംഗത്ത് വന്നു എന്ന് തുടങ്ങിയ വാർത്തകൾ മുംബൈ ക്യാംപിൽ നിന്നും വരുന്നുണ്ട്. അതിനൊപ്പം കഴിഞ്ഞ മത്സരത്തിൽ മുൻ നായകൻ രോഹിത്തിനെ മാറ്റിനിർത്തിയതും വിവാദമായിരുന്നു.
Content highlights: how will mumbai indians enter the playoffs?