
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെ. ടീമിന്റെ പ്ലാനുകൾ എല്ലാം കൃത്യമായിരുന്നുവെന്നാണ് രഹാനെയുടെ വാദം. എന്നാൽ കൃത്യമായി പന്തെറിയാൻ കൊൽക്കത്ത ബൗളർമാർക്ക് കഴിഞ്ഞില്ല. മോശം പന്തുകൾ ലഖ്നൗ ബാറ്റർമാർ കൃത്യമായി ബൗണ്ടറിയിലെത്തിക്കുകയും ചെയ്തു. രഹാനെ മത്സരശേഷമുള്ള വാർത്താസമ്മേളത്തിൽ പ്രതികരിച്ചു.
ആന്ദ്ര റസ്സലിന്റെ ഫോമിൽ ആശങ്കയില്ലെന്നും രഹാനെ പറഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് റസ്സലിന്റെ വെടിക്കെട്ട് നടത്താനുള്ള കഴിവിൽ വിശ്വാസമുണ്ടെന്നും രഹാനെ വ്യക്തമാക്കി. സുനിൽ നരെയ്ന് നാല് ഓവർ എറിയാതിരുന്നത് പരിക്കുകൊണ്ടല്ല എന്നും രഹാനെ പറയുന്നു. നിക്കോളാസ് പുരൻ നരെയ്നെതിരെ നന്നായി കളിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ആന്ദ്രെ റസ്സലിനെ ബൗളിങ്ങിന് ഇറക്കാൻ തീരുമാനിച്ചത്. രഹാനെ വിശദീകരിച്ചു.
മത്സരത്തിൽ നാല് റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234 റൺസിലെത്താനെ സാധിച്ചുള്ളു.
Content Highlights: KKR skipper Ajinkya Rahane after narrow loss to LSG