
ഐപിഎല്ലിൽ മൂന്നാം ജയവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ്. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ നാല് റൺസിനാണ് ലഖ്നൗ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു.
നേരത്തെ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിങ് തിരഞ്ഞെടുത്തു. മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം, നിക്കോളാസ് പുരാൻ എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ലഖ്നൗവിന് മികച്ച സ്കോർ ഒരുക്കിയത്. 28 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം മാർക്രം 47 റൺസെടുത്തു. 48 പന്തിൽ ആറ് ഫോറും അഞ്ച് സിക്സറും സഹിതം 81 റൺസാണ് മിച്ചൽ മാർഷ് നേടിയത്. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 99 റൺസ് പിറന്നു.
മാർക്രത്തിന് പിന്നാലെ ക്രീസിലെത്തിയ നിക്കോളാസ് പുരാനും വമ്പനടികളുമായി കളം നിറഞ്ഞു. 36 പന്തിൽ ഏഴ് ഫോറും എട്ട് സിക്സറും സഹിതം 87 റൺസെടുത്ത പുരാൻ പുറത്താകാതെ നിന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഹർഷിത് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയും ശക്തമായി തിരിച്ചടിച്ചു. ഒമ്പത് പന്തിൽ രണ്ട് സിക്സറുകൾ സഹിതം ഡികോക്ക് 15 റൺസെടുത്ത് പുറത്തായി. സുനിൽ നരേയ്ൻ 13 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം 30 റൺസും സംഭാവന ചെയ്തു. ക്യാപ്റ്റൻ അജിൻക്യ രഹാനെയാണ് കൊൽക്കത്തയ്ക്ക് വിജയപ്രതീക്ഷകൾ നൽകിയത്.
35 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതം രഹാനെ 61 റൺസെടുത്തു. 29 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം 45 റൺസുമായി വെങ്കിടേഷ് അയ്യർ രഹാനെയ്ക്ക് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 71 റൺസ് പിറന്നു. രഹാനെയ്ക്ക് ശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതാണ് കൊൽക്കത്തയ്ക്ക് തിരിച്ചടിയായത്. അവസാന ഓവറുകളിൽ തകർത്തടിച്ച റിങ്കു സിങ് 15 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 38 റൺസിനും കൊൽക്കത്തയെ രക്ഷിക്കാനായില്ല. നാല് റൺസ് അകലെ കൊൽക്കത്ത പോരാട്ടം നിലയ്ക്കുകയായിരുന്നു.
Content Highlights: LSG Survive Late Rinku Singh Scare, Beat KKR By 4 Runs