
ഐപിഎല്ലിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടം രണ്ട് മലയാളികൾ പരസ്പരം ഏറ്റുമുട്ടിയ മത്സരം കൂടിയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് വേണ്ടി വൺ ഡൗണായി ഇറങ്ങിയത് ദേവ്‌ദത്ത് പടിക്കലായിരുന്നു. വിരാട് കോഹ്‌ലികൊത്ത് മികച്ച പാർടണർഷിപ്പും താരം നടത്തി.
91 റൺസാണ് ദേവ്ദത്ത് പടിക്കലും കോഹ്ലിയും ചേർന്ന് അടിച്ചുകൂട്ടിയത്. 22 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറും അടക്കം 37 റൺസ് നേടി. ഒടുവിൽ മുംബൈയ്ക്കായി ഇറങ്ങിയ മലയാളി സ്പിന്നർ വിഘ്‌നേഷ് പുത്തൂരാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. മത്സരത്തിന്റെ ഒമ്പതാം ഓവറാണ് താരം എറിഞ്ഞത്. പത്തു റൺസാണ് വിട്ടുകൊടുത്തത്.
എന്നാൽ പിന്നീട് താരത്തിന് ഓവർ നൽകാൻ ഹാർദിക് പാണ്ഡ്യ തയാറായില്ല. ട്രെന്റ് ബോൾട്ട്, ദീപക് ചഹാർ തുടങ്ങി നാലോവർ എറിഞ്ഞ താരങ്ങളെല്ലാം വലിയ റൺസുകൾ വിട്ടുകൊടുത്തപ്പോഴും വിഘ്‌നേഷിന് രണ്ടാം ഓവർ നൽകാൻ ഹാർദിക് തയ്യാറായില്ല. ആർസിബി ബാറ്റിങ് തീരുംമുൻപേ വിഘ്നേഷിനെ പിൻവലിച്ച മുംബൈ, ഇംപാക്ട് സബ്ബായി രോഹിത് ശർമയെ ഗ്രൗണ്ടിലിറക്കുകയും ചെയ്തു.
ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി നാലു മത്സരങ്ങള്‍ കളിച്ച വിഘ്നേഷ് ഇതുവരെ ആറു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. എന്നിട്ടും താരത്തെ മികച്ച രീതിയിൽ ഉപയോഗിക്കാൻ ഹാർദിക് തയ്യാറാവാത്തത് തോൽവിക്ക് കാരണമാകുന്നുവെന്നും വിമർശനമുണ്ട്. വിഘ്നേഷ് പുത്തൂരിനെ പിൻവലിച്ച പാണ്ഡ്യയുടെ തീരുമാനം കാര്യങ്ങൾ ബെംഗളൂരുവിന് അനുകൂലമാക്കിയതായി കോഹ്‌ലിയും അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: -mi vs rcb vignesh puthur dismissed devdutt padikkal wicket