
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്ത്. ലഖ്നൗ നിരയിൽ റിഷഭ് പന്ത് ബാറ്റിങ്ങിന് എത്തിയിരുന്നില്ല. പകരമായി അബ്ദുൾ സമദാണ് പന്തിന്റെ നാലാം നമ്പറിൽ ബാറ്റിങ്ങിനെത്തിയത്. കൊൽക്കത്തയുടെ സ്പിന്നർമാരെ പരിഗണിച്ച് ഇടത്-വലത് കോമ്പിനേഷൻ നിലനിർത്താനാണ് ടീം ശ്രമിച്ചതെന്നായിരുന്നു റിഷഭ് പന്ത് മത്സരശേഷം പ്രതികരിച്ചത്.
പവർപ്ലേയ്ക്ക് ശേഷമാണ് ബാറ്റിങ്ങിന് അനുകൂലമായ ട്രാക്കാണെന്ന് മനസിലായത്. മത്സരം കടുത്തതാകുമെന്ന് അപ്പോൾ തന്നെ മനസിലായി. എങ്കിലും നിലവിലുണ്ടായിരുന്ന പ്ലാൻ തന്നെയാണ് മത്സരത്തിൽ പ്രയോഗിച്ചത്. കൊൽക്കത്തയുടെ ബാറ്റിങ്ങിൽ ഇടയ്ക്ക് വിക്കറ്റുകൾ വീണതാണ് മത്സരം ലഖ്നൗവിന് അനുകൂലമാക്കിയത്. ഒരു ടീമിന്റെ പ്ലാനുകൾ ചിലപ്പോൾ വിജയിക്കും. മറ്റുചിലപ്പോൾ പരാജയപ്പെടും. ഇന്നത്തെ പ്ലാനുകൾ വിജയിച്ചതിൽ സന്തോഷമുണ്ട്. റിഷഭ് പന്ത് മത്സരശേഷം വ്യക്തമാക്കി.
മത്സരത്തിൽ ലഖ്നൗ നാല് റൺസിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234 റൺസിലെത്താനെ സാധിച്ചുള്ളു.
Content Highlights: Rishabh Pant reacts On promoting Abdul Samad to No. 4