
ഐപിഎല്ലിൽ സീസണിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ വിട്ടുകളയെന്ന ടീമെന്ന നാണക്കേടിന്റെ റെക്കോർഡ് ചെന്നൈ സൂപ്പർ കിങ്സിന്റെ പേരിൽ. ഐപിഎൽ 2025ൽ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ ഇതുവരെ കൈവിട്ടത് 12 ക്യാച്ചുകളാണ്. അതിൽ അഞ്ചെണ്ണം ഇന്നലെ പഞ്ചാബ് കിങ്സിനെതിരെയായിരുന്നു. ആറ് ക്യാച്ചുകൾ വീതം വിട്ടുകളഞ്ഞ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും പഞ്ചാബ് കിങ്സുമാണ് രണ്ടാം സ്ഥാനത്തുള്ളത്.
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ വിട്ടുകളഞ്ഞ മത്സരവും ഇന്നലത്തേതായിരുന്നു. മത്സരത്തിൽ ആകെ ഒമ്പത് ക്യാച്ചുകളാണ് വിട്ടുകളഞ്ഞത്. ചെന്നൈ സൂപ്പർ കിങ്സ് അഞ്ചും പഞ്ചാബ് കിങ്സ് നാലും ക്യാച്ചുകൾ പാഴാക്കി. 2023ൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തിൽ എട്ട് ക്യാച്ചുകൾ കൈവിട്ടതാണ് മുമ്പുണ്ടായിരുന്ന റെക്കോർഡ്.
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനായിരുന്നു ജയം. ചെന്നൈ സൂപ്പർ കിങ്സിനെ 18 റൺസിനാണ് പഞ്ചാബ് ഇത്തവണ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. 103 റൺസെടുത്ത പ്രിയാൻഷ് ആര്യ, പുറത്താകാതെ 52 റൺസെടുത്ത ശശാങ്ക് സിങ്, 34 റൺസെടുത്ത് പുറത്താകാതെ നിന്ന മാർകോ യാൻസൻ എന്നിവരാണ് പഞ്ചാബിന് മികച്ച സ്കോർ നേടി നൽകിയത്.
മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിലെത്താനെ സാധിച്ചുള്ളു. 69 റൺസെടുത്ത ഡെവോൺ കോൺവേ, 42 റൺസുമായി ശിവം ദുബെ എന്നിവർ ചെന്നൈ നിരയിൽ തിളങ്ങി.
Content Highlights: 12 Catches dropped by CSK in IPL 2025