'ദുബെ എത്ര അപകടകാരിയാണെന്ന് അറിയില്ലേ?, എങ്ങനെ ചഹലിന് പന്ത് നൽകും!': ശ്രേയസ് അയ്യർ

മത്സരത്തിൽ കൈവിട്ട ക്യാച്ചുകളെക്കുറിച്ചും പഞ്ചാബ് നായകൻ സംസാരിച്ചു

dot image

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ വിജയത്തിന് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. മത്സരത്തിൽ ഒരു ഓവർ മാത്രമാണ് സ്പിന്നർ യൂസ്വേന്ദ്ര ചഹൽ പന്തെറിഞ്ഞത്. ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് ശ്രേയസ് അയ്യർ. 'അതൊരു തന്ത്രപരമായ തീരുമാനമായിരുന്നു. കാരണം ശിവം ദുബെ കുറച്ച് പന്തുകൾ കളിച്ച് ഫോമിലേക്ക് എത്തിയിരുന്നു. അതുപോലെ ഡെവോൺ കോൺവേ നന്നായി കളിക്കുകയായിരുന്നു. ചഹൽ പന്തെറിഞ്ഞാൽ ദുബെ കൂടുതൽ അപകടകാരിയായി മാറും. ചഹൽ മികച്ച ബൗളറാണ്. എന്നാൽ പേസർമാർ സ്ലോവർ എറിയുന്നത് ഫലിക്കുമെന്നാണ് ഞാൻ കരുതിയിരുന്നുത്. ദുബെക്കെതിരെ പേസ് ബൗളിങ്ങാണ് പഞ്ചാബ് പരീക്ഷിച്ചത്. ദുബെ പിടിച്ചുനിന്നെങ്കിലും ഒടുവിൽ ആ തീരുമാനം ഫലംകണ്ടു.' ശ്രേയസ് അയ്യർ മത്സരശേഷം പ്രതികരിച്ചു.

മത്സരത്തിൽ കൈവിട്ട ക്യാച്ചുകളെക്കുറിച്ചും പഞ്ചാബ് നായകൻ സംസാരിച്ചു. 'ഇക്കാര്യം പഞ്ചാബ് സംസാരിക്കുകയായിരുന്നു. ഫീൽഡിൽ പഞ്ചാബിന്റെ മികച്ച പ്രകടനമല്ല ഉണ്ടായത്. ഐപിഎൽ ടൂർണമെന്റിന്റെ തുടക്കത്തിൽ താരങ്ങൾക്ക് കുറച്ച് പരിഭ്രമം ഉണ്ടാകും. ഫീൽഡിങ് പ്രകടനം മെച്ചപ്പെടുത്തും. അതിനായി പ്രത്യേക ഫീൽഡിങ് പരിശീലനം നടത്തും. എന്തായാലും ചെന്നൈയ്ക്കെതിരായ മത്സരം വിജയിക്കാൻ കഴിഞ്ഞു. അത് വലിയ കാര്യമാണ്.' ശ്രേയസ് അയ്യർ വ്യക്തമാക്കി.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് മൂന്നാം ജയമാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സിനെ 18 റൺസിനാണ് പഞ്ചാബ് ഇത്തവണ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. 103 റൺസെടുത്ത പ്രിയാൻഷ് ആര്യ, പുറത്താകാതെ 52 റൺസെടുത്ത ശശാങ്ക് സിങ്, 34 റൺസെടുത്ത് പുറത്താകാതെ നിന്ന മാർകോ യാൻസൻ എന്നിവരാണ് പഞ്ചാബിന് മികച്ച സ്കോർ നേടി നൽകിയത്.

മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിലെത്താനെ സാധിച്ചുള്ളു. 69 റൺസെടുത്ത ഡെവോൺ കോൺവേ, 42 റൺസുമായി ശിവം ദുബെ എന്നിവർ ചെന്നൈ നിരയിൽ തിളങ്ങി. മത്സരത്തിലാകെ നാല് ക്യാച്ചുകൾ പഞ്ചാബ് കിങ്സ് താരങ്ങൾ വിട്ടുകളഞ്ഞു.

Content Highlights: That was a tactical call says Shreyas on Chahal being held back

dot image
To advertise here,contact us
dot image