
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. 'ഫീൽഡിങ്ങിലെ മോശം പ്രകടനമാണ് മത്സരം ചെന്നൈ തോൽക്കാൻ കാരണം. ഞങ്ങൾ ഫീൽഡിൽ അലസരായിരുന്നു. ചില സമയങ്ങളിൽ സമ്മർദ്ദത്തിന് അടിപ്പെട്ടു. പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യയുടെ മികച്ച ഇന്നിംഗ്‌സ് ചെന്നൈ ടീമിനെ സമ്മർദ്ദത്തിലാക്കി. പ്രിയാൻഷ് നന്നായി കളിക്കുമ്പോൾ അതിനേക്കാൾ നന്നായി കളിച്ചാൽ മാത്രമെ ചെന്നൈയ്ക്ക് മത്സരത്തിൽ മുൻതൂക്കം ലഭിക്കൂ.' മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ സ്റ്റീഫൻ ഫ്ലെമിങ് പ്രതികരിച്ചു.
'പഞ്ചാബിനെതിരെ ഒരു വലിയ റൺ ചേസിൽ ഞങ്ങൾ 18 റൺസ് പിന്നിലായി. ഇതുവരെ നിരാശാജനകമായ സീസണായിരുന്നു ഇത്. ക്യാച്ചുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി. എന്തുകൊണ്ടാണ് ക്യാച്ചുകൾ നഷ്ടപ്പെടുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. പക്ഷേ തീർച്ചയായും ഞങ്ങൾക്ക് അത് ആശങ്കയുള്ള ഒരു മേഖലയാണ്.' ഫ്ലെമിങ് വ്യക്തമാക്കി.
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനായിരുന്നു ജയം. ചെന്നൈ സൂപ്പർ കിങ്സിനെ 18 റൺസിനാണ് പഞ്ചാബ് ഇത്തവണ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. 103 റൺസെടുത്ത പ്രിയാൻഷ് ആര്യ, പുറത്താകാതെ 52 റൺസെടുത്ത ശശാങ്ക് സിങ്, 34 റൺസെടുത്ത് പുറത്താകാതെ നിന്ന മാർകോ യാൻസൻ എന്നിവരാണ് പഞ്ചാബിന് മികച്ച സ്കോർ നേടി നൽകിയത്.
മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിലെത്താനെ സാധിച്ചുള്ളു. 69 റൺസെടുത്ത ഡെവോൺ കോൺവേ, 42 റൺസുമായി ശിവം ദുബെ എന്നിവർ ചെന്നൈ നിരയിൽ തിളങ്ങി.
Content Highlights: CSK Coach Stephen Fleming Pinpoints Reason Behind Defeat