
ഇന്ത്യൻ പ്രീമിയർ ലീഗിലെ 'റിട്ടയർഡ് ഔട്ട്' ട്രെൻഡിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇത് ഒരു തന്ത്രം എന്നതിലുപരി താരങ്ങളുടെ ആത്മവിശ്വാസത്തെയും കഴിവുകളെയും സംശയിക്കുന്ന, അവരെ നിരാശയിലേക്ക് തള്ളിവിടുന്ന തെറ്റായ പ്രവണതയാണെന്ന് കൈഫ് പറഞ്ഞു. ഇന്നലെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണർ ഡെവോൺ കോൺവേയെ റിട്ടയർ ഔട്ട് ചെയ്ത് ജഡേജയെ ഇറക്കിയ സംഭവത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ.
പതിനെട്ടാം ഓവറിലെ അവസാന പന്തിന് മുമ്പായിരുന്നു 49 പന്തില്‍ 69 റണ്‍സെടുത്ത കോണ്‍വെയെ പിന്‍വലിച്ച് ചെന്നൈ രവീന്ദ്ര ജഡേജെ ക്രീസിലിറക്കിയത്. ധോണിയായിരുന്നു ഈ സമയം മറുവശത്ത്. 19 പന്തില്‍ 49 റണ്‍സായിരുന്നു അപ്പോള്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു സിക്സ് അടക്കം കോണ്‍വെക്ക് പകരമിറങ്ങിയ ജഡേജ പുറത്താവാതെ നേടിയത് 5 പന്തില്‍ 9 റണ്‍സായിരുന്നു.
അതേ സമയം ഈ സീസണില്‍ റിട്ടയേര്‍ഡ് ഔട്ടാവുന്ന രണ്ടാമത്തെയും ഐപിഎല്‍ ചരിത്രത്തിലെ തന്നെ അഞ്ചാമത്തെയും ബാറ്ററാണ് കോണ്‍വെ. നേരത്തെ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിന്‍റെ തിലക് വര്‍മയെയും റിട്ടേയേര്‍ഡ് ഔട്ടാക്കിയിരുന്നു. ആര്‍ അശ്വിന്‍(2022), അഥർവ ടൈഡെ(2023), സായ് സുദര്‍ശന്‍(2023) എന്നിവരാണ് ഐപിഎല്‍ ചരിത്രത്തില്‍ റിട്ടയേര്‍ഡ് ഔട്ടാക്കിയ മറ്റ് ബാറ്റര്‍മാര്‍.
content highlights: Kaif questions 'retired out' tactic in IPL