
ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ രാജസ്ഥാൻ റോയൽസിന് വലിയ പങ്കാണുള്ളതെന്ന് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. 'ഐപിഎല്ലിന്റെ തുടക്കം മുതൽ എല്ലായ്പ്പോഴും രാജസ്ഥാൻ റോയൽസ് യുവതാരങ്ങളെ തിരിച്ചറിയാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. അതുപോലെ മികച്ച കഴിവുണ്ടായിരുന്നിട്ടും അത്രയധികം അംഗീകാരം ലഭിക്കാതെ പോയവർക്കും രാജസ്ഥാൻ ടീം അവസരം നൽകും. ഇത് എക്കാലവും രാജസ്ഥാൻ റോയൽസിന്റെ നയങ്ങളിലുള്ളതാണ്.' ഇതിനുദാഹരണമായി 41-ാം വയസിൽ പ്രവീൺ താംബെ രാജസ്ഥാൻ നിരയിൽ അരങ്ങേറ്റം കുറിച്ചത് ദ്രാവിഡ് ഓർമിപ്പിച്ചു. സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് ദ്രാവിഡിന്റെ പ്രതികരണം.
പ്രവീൺ താംബെയെ ഒരിക്കലും ഒരു യുവതാരം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. എന്നാൽ താംബെ രാജസ്ഥാൻ റോയൽസിൽ കളിച്ച ഒരു താരമാണ്. യുവത്വം എന്നത് പ്രധാനപ്പെട്ട വാക്കാണ്. പലപ്പോഴും ആരും ശ്രദ്ധിക്കാത്ത താരങ്ങൾ ടീമിലെത്തുമ്പോഴാണ് യുവതാരം എന്ന വാക്ക് ഉപയോഗിക്കുന്നത്. ക്രിക്കറ്റിനും അപ്പുറത്തേയ്ക്ക് താരങ്ങളെ വളർത്തിയെടുക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ലക്ഷ്യം. രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.
2013ലെ ഐപിഎല്ലിനിടെയാണ് രാജസ്ഥാൻ റോയൽസിലേക്ക് 41കാരനായ പ്രവീൺ താംബെയെന്ന ലെഗ് സ്പിന്നർ കടന്നുവന്നത്. പിന്നീട് അതേവർഷം നടന്ന ചാംപ്യൻസ് ലീഗ് ട്വന്റി 20യ്ക്കിടെ പ്രവീൺ താംബെയുടെ മികവ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. മൂന്ന് വർഷത്തോളം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാകാൻ താംബെയ്ക്ക് കഴിഞ്ഞിരുന്നു. 2016ൽ ഗുജറാത്ത് ലയൺസിന് വേണ്ടിയാണ് താരം അവസാനമായി കളിച്ചത്.
Content Highlights: Rahul Dravid explains how Rajasthan Royals identify and nurture talent