'കഴിഞ്ഞ നാല് മത്സരങ്ങളിലും ഒരേ കാര്യമാണ് ഞാൻ പറയുന്നത്, ക്യാച്ചുകൾ കൈവിടരുത്': റുതുരാജ് ഗെയ്ക്ക്‌വാദ്‌

'പഞ്ചാബിനെതിരെ ചെന്നൈ നന്നായി ബാറ്റ് ചെയ്തു. ഈയൊരു ബാറ്റിങ്ങാണ് ചെന്നൈ ആ​ഗ്രഹിച്ചിരുന്നത്.'

dot image

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ റുതുരാജ് ഗെയ്ക്ക്‌വാദ്‌. ചെന്നൈ ഫീൽഡർമാർ കൈവിടുന്ന ക്യാച്ചുകളാണ് മത്സരഫലത്തിൽ നിർണായകമാകുന്നതെന്നാണ് റുതുരാജിന്റെ വാദം. കഴിഞ്ഞ നാല് മത്സരങ്ങളിലും അതാണ് ഒരേയൊരു വ്യത്യാസമുള്ളത്. കൈവിടുന്ന ക്യാച്ചുകൾ വളരെ നിർണായകമായിരുന്നു. ഓരോ തവണയും ഞങ്ങൾ ക്യാച്ച് വിടുമ്പോൾ, അതേ ബാറ്റർ 20-25-30 റൺസ് അധികമായി നേടുന്നു. നിങ്ങൾ ആർസിബി കളി ഒഴിവാക്കിയാൽ, കഴിഞ്ഞ മൂന്ന് ചെയ്‌സുകളും ഒന്നോ രണ്ടോ അല്ലെങ്കിൽ മൂന്നോ ഹിറ്റുകളുടെ മാത്രം വ്യത്യാസത്തിലാണ് ചെന്നൈ പരാജയപ്പെട്ടത്. ചില സമയങ്ങളിൽ പ്രിയാൻഷ് കളിച്ച രീതിയെ നിങ്ങൾ അഭിനന്ദിക്കേണ്ടതുണ്ട്. പ്രിയാൻഷ് അവസരങ്ങൾ നന്നായി ഉപയോ​ഗിച്ചു. റിസ്കെടുത്തുള്ള ഷോട്ടുകൾ കൃത്യമായി ബൗണ്ടറിയിലെത്തിക്കാൻ പ്രിയാൻഷിന് സാധിച്ചു. ഒരുവശത്ത് ചെന്നൈ വിക്കറ്റുകൾ നേടുമ്പോഴും പ്രിയാൻഷ് നന്നായി ബാറ്റുചെയ്യുകയായിരുന്നു. റുതുരാജ് മത്സരശേഷം പ്രതികരിച്ചു.

പഞ്ചാബിനെതിരെ ചെന്നൈ നന്നായി ബാറ്റ് ചെയ്തു. ഈയൊരു ബാറ്റിങ്ങാണ് ചെന്നൈ ആ​ഗ്രഹിച്ചിരുന്നത്. പവർപ്ലേയിൽ വേ​ഗത്തിൽ റൺസടിക്കാൻ ചെന്നൈ ബാറ്റർമാർ ശ്രമിച്ചു. ഇതാണ് പോസിറ്റീവായ കാര്യങ്ങൾ. രണ്ട്, മൂന്ന് ഹിറ്റുകൾ കൂടി ഉണ്ടായിരുന്നെങ്കിൽ ചെന്നൈയ്ക്ക് വിജയം സാധ്യമാകുമായിരുന്നു. റുതുരാജ് വ്യക്തമാക്കി.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് മൂന്നാം ജയം. ചെന്നൈ സൂപ്പർ കിങ്സിനെ 18 റൺസിനാണ് പഞ്ചാബ് ഇത്തവണ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസിലെത്താനെ സാധിച്ചുള്ളു.

Content Highlights: Ruturaj Gaikwad reacts On the dropped catches

dot image
To advertise here,contact us
dot image