
ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. കഴിഞ്ഞ മത്സരങ്ങളിൽ വലിയ ഇന്നിങ്‌സുകളിലേക്ക് എത്താതിരുന്ന സഞ്ജു സാംസൺ വലിയ ലക്ഷ്യങ്ങളുമായി ഇന്ന് ഇറങ്ങും. 300-ാം ടി20 മത്സരത്തിനാണ് സഞ്ജു ഇറങ്ങുന്നത്. ടി20യില്‍ 350 സിക്‌സുകള്‍ എന്ന നാഴികക്കല്ലിലേക്ക് എട്ട് സിക്‌സറുകൾ മാത്രം മതി. 121 റണ്‍സ് കൂടി നേടിയാല്‍ സഞ്ജുവിന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 4000 റണ്‍സ് തികയ്ക്കാം.
ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറിയുമായി തുടങ്ങിയെങ്കിലും പിന്നീടുള്ള മത്സരത്തിൽ വലിയ ഇന്നിംഗ്സ് കളിക്കാൻ താരത്തിന് കഴിഞ്ഞില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 11 പന്തില്‍ 13 റണ്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 16 പന്തില്‍ 20, പഞ്ചാബ് കിംഗ്സിനെതിരെ 26 പന്തില്‍ 28 എന്നിങ്ങനെയായിരുന്നു മറ്റ് മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന്‍റെ സ്കോറുകള്‍. ഇന്ത്യൻ ടീമിലെ മറ്റ് പ്രധാന വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഘട്ടത്തിൽ സഞ്ജുവിന് മികവ് കാണിക്കാനായാൽ അത് ഗുണം ചെയ്യും.
ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഇതുവരെ നാല് മത്സരങ്ങളാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് കളിച്ചത്. ആദ്യ രണ്ട് കളികളും റോയല്‍സ് തോറ്റപ്പോള്‍ അടുത്ത രണ്ടിലും ജയം സ്വന്തമായി. ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് സഞ്ജുപ്പട ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളത്തിലെത്തുന്നത്. നാല്മത്സരങ്ങളിൽ മൂന്ന് ജയമുള്ള ഗുജറാത്ത് ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനാണ് ഇന്നിറങ്ങുന്നത്.
Content Highlights: sanju sasmon rajasthan royals vs gujarat titans