
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ പരാജയത്തിൽ പ്രതികരണവുമായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. 'ഏകദേശം 15-20 റൺസ് ബൗളിങ്ങിൽ കൂടുതൽ ആയിപ്പോയി. മത്സരത്തിൽ വിജയപ്രതീക്ഷ വന്നപ്പോഴൊക്കെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഞാനും ഹെറ്റ്മെയറും ബാറ്റ് ചെയ്തു. അത് തുടർന്നിരുന്നെങ്കിൽ വിജയം സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. പക്ഷേ എന്റെ വിക്കറ്റ് വീണത് മത്സരഫലത്തിൽ നിർണായകമായി.' സഞ്ജു സാംസൺ മത്സരശേഷം പ്രതികരിച്ചു.
'ജോഫ്ര ആർച്ചർ ബൗൾ ചെയ്ത രീതിയും ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് എടുത്തതും ശ്രദ്ധേയമാണ്. പക്ഷേ രാജസ്ഥാൻ റോയൽസ് അവസാന ഓവറുകളിൽ പന്തെറിഞ്ഞ രീതി, അത് ടീം മീറ്റിങ്ങിൽ ചർച്ച ചെയ്യണം. എന്നിട്ട് ശക്തമായി തിരിച്ചുവരണം. അഹമ്മദാബാദിലേത് ശരിക്കും ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റായിരുന്നു. പിച്ചിലെ സാഹചര്യങ്ങൾ ബൗളർമാർക്ക് തിരിച്ചടിയായെന്നതും ശരിയാണ്. അതുപോലെ വലിയ സ്കോറുകൾ പിന്തുടർന്ന് വിജയിക്കാനും ടീമിന് കഴിയണം.' സഞ്ജു സാംസൺ വ്യക്തമാക്കി.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ 58 റൺസിന്റെ വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.2 ഓവറിൽ രാജസ്ഥാൻ റോയൽസിന് 159 റൺസെടുക്കാനെ സാധിച്ചുള്ളു.
Content Highlights: Whenever we wanted to carry the momentum we lost wickets: Sanju Samson