
മെയ് 13, 2025. ആ ദിവസം അടുത്ത് വരികയാണ്. ക്രിക്കറ്റ് കരിയറിന്റെ ഭൂരിഭാഗവും ചിലവഴിച്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം. ഹൈദരാബാദിലല്ല ബെംഗളൂരു ചിന്നസ്വാമിയിലാണ് മത്സരവേദി. അതിന് മുമ്പ് തന്റെ ബൗളിങ് മികവ് ഒന്നുകൂടി ഉയർത്തണം. സൺറൈസേഴ്സിന്റെ ഓറഞ്ച് ജഴ്സി കാണുമ്പോൾ വികാരഭരിതനാകാൻ പാടില്ല. അതുകൊണ്ട് ഡൽഹി ക്യാപിറ്റൽസിനെതിരെ ഭുവനേശ്വർ കുമാർ തന്റെ ബൗളിങ് മികവിന്റെ പരമാവധി കഴിവ് പുറത്തെടുത്തു.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. ചിന്നസ്വാമിയിൽ ഡൽഹിയുടെ മുൻനിരയെ വീഴ്ത്തി അക്സറിന്റെ സംഘത്തെ പ്രതിരോധത്തിലാക്കിയത് ഭുവനേശ്വർ കുമാറാണ്. മത്സരം ആർസിബി പരാജയപ്പെട്ടെങ്കിലും ഭുവിയുടെ പ്രകടനം വേറിട്ടുനിന്നു. 2010ലെ ചാംപ്യൻസ് ലീഗ് ട്വന്റി 20യിൽ ആർസിബിക്കൊപ്പം ഒരൊറ്റ മത്സരം കളിച്ചതാണ്. പിന്നീട് പൂനെ വാരിയേഴ്സിലും സൺറൈസേഴ്സ് ഹൈദരാബാദിലുമായിരുന്നു ഭുവനേശ്വർ കുമാറിന്റെ കരിയർ. അതിൽ 2014 മുതൽ 10 വർഷക്കാലം ഭുവി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നു.
ഐപിഎല്ലിലും ഇന്ത്യൻ ടീമിലുമായി ഭുവി ഏറെക്കാലം തിളങ്ങിനിന്നു. പക്ഷേ 2022 നവംബറിന് ശേഷം അയാൾ ഇന്ത്യൻ ടീമിന്റെ ഭാഗമല്ല. കളിക്കളത്തിൽ മോശമാകുന്ന ഭുവനേശ്വറിനെ എന്നെന്നേയ്ക്കുമായി ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കി. കഴിഞ്ഞ വർഷത്തെ ഐപിഎല്ലിന് പിന്നാലെ സൺറൈസേഴ്സും ഭുവിയെ കൈവിട്ടു. താരലേലത്തിൽ ഭുവനേശ്വറിനായി ഉയർന്ന വലിയ തുക സൺറൈസേഴ്സിന്റെ കൈവശം ഉണ്ടായിരുന്നില്ല. 10.75 കോടി രൂപയ്ക്ക് ഭുവനേശ്വറിനെ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കി. പക്ഷേ ചിലപ്പോഴൊക്കെ സൂര്യൻ ഉദിക്കുന്നത് ഒരൽപ്പം വൈകിയാവും.
ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഭുവനേശ്വർ കുമാർ റോയൽ ചലഞ്ചേഴ്സിൽ മടങ്ങിയെത്തി. ആർസിബി നൽകുന്ന ആ വലിയ തുകയ്ക്കുള്ള മറുപടി അയാൾ തന്റെ ബൗളിങ് മികവുകൊണ്ട് നൽകുകയാണ്. ഇനിയൊരിക്കലും ഇന്ത്യയുടെ നീലജഴ്സിയിലും സൺറൈസേഴ്സിന്റെ ഓറഞ്ച് ആർമിയിലും തിരിച്ചെത്തില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ.
Content Highlights: Bhuvneshwar Kumar's stunning spell against DC in IPL