'വിക്കറ്റ് കീപ്പിങ് ചെയ്തപ്പോൾ പിച്ചിന്റെ സ്വഭാവം ഞാൻ ശരിക്കും മനസിലാക്കി': കെ എൽ രാഹുൽ

റോയൽ ചലഞ്ചേഴ്സ് തന്റെ ക്യാച്ച് അവസരം നഷ്ടപ്പെടുത്തിയത് നിർണായകമായെന്നും രാഹുൽ പറഞ്ഞു

dot image

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരെ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുൽ. 'ഇതൊരു അല്പം ബുദ്ധിമുട്ടുള്ള വിക്കറ്റായിരുന്നു. പക്ഷേ 20 ഓവർ വിക്കറ്റ് കീപ്പിങ് ചെയ്തതുകൊണ്ട് പിച്ചിന്റെ സ്വഭാവം ഞാൻ നിരീക്ഷിച്ചിരുന്നു. പന്ത് ഒരൽപ്പം പതിയെയായിരുന്നു ബാറ്റിലേക്ക് വന്നിരുന്നത്. മത്സരത്തിൽ ഉടനീളം ഇങ്ങനെ തന്നെയായിരുന്നു പിച്ചിന്റെ സ്വഭാവം. അതുകൊണ്ട് മികച്ച ഇന്നിങ്സിന് ഏതൊക്കെ ഷോട്ടുകൾ കളിക്കണമെന്ന് എനിക്ക് അറിയാമായിരുന്നു. സാഹചര്യത്തിന് അനുസരിച്ച് ഞാൻ ഷോട്ടുകൾ കളിച്ചു. എനിക്ക് ഒരു വലിയ സിക്സർ നേടണമെങ്കിൽ, ഏത് ഷോട്ട് കളിച്ചാൽ അത് നേടാൻ കഴിയുമെന്ന് അറിയാമായിരുന്നു. വിക്കറ്റ് കീപ്പിങ് ചെയ്തിരുന്നപ്പോൾ മറ്റ് ബാറ്റർമാർ പുറത്തായതും അവർ എങ്ങനെയാണ് സിക്സറുകൾ നേടിയതെന്നതും എനിക്ക് പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് ഒരു ധാരണ നൽകി.' കെ എൽ രാഹുൽ മത്സരശേഷം പ്രതികരിച്ചു.

റോയൽ ചലഞ്ചേഴ്സ് തന്റെ ക്യാച്ച് അവസരം നഷ്ടപ്പെടുത്തിയത് നിർണായകമായെന്നും രാഹുൽ പറഞ്ഞു. 'ചിന്നസ്വാമി സ്റ്റേഡിയം എന്റെ ഹോം ​ഗ്രൗണ്ടാണ്. മറ്റാരെക്കാളും എനിക്ക് ഈ ഗ്രൗണ്ടിനെക്കുറിച്ച് അറിയാം. പരിശീലനത്തിൽ ഞാൻ എപ്പോഴും ചെയ്യുന്ന ഒരു കാര്യം, വ്യത്യസ്ത ​ഗ്രൗണ്ടിലെ പിച്ചുകളുമായി പൊരുത്തപ്പെടാൻ എപ്പോഴും ശ്രമിക്കുന്നു എന്നതാണ്. ഞാൻ പരിശീലനത്തിൽ പരീക്ഷണങ്ങൾ നടത്താറുണ്ട്. രണ്ടോ മൂന്നോ തവണ വിക്കറ്റ് നഷ്ടപ്പെടും. പക്ഷേ അത് എവിടെ സിക്സർ നേടാം, എങ്ങനെ സിം​ഗിൾ എടുക്കാം എന്നതിനെക്കുറിച്ച് എനിക്ക് ധാരണ നൽകുന്നു.' കെ എൽ രാഹുൽ വ്യക്തമാക്കി.

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരെ 53 പന്തിൽ ഏഴ് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 93 റൺസാണ് രാഹുൽ നേടിയത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ആറ് വിക്കറ്റിന്റെ വിജയവും നേടി. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.

Content Highlights: It was a slightly tricky wicket but what helped me was being behind the stumps: K L Rahul

dot image
To advertise here,contact us
dot image