
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കനത്ത പരാജയം നേരിട്ട ചെന്നൈ സൂപ്പർ കിങ്സിന് സ്വന്തമായത് നാണക്കേടിന്റെ റെക്കോർഡ്. തുടർച്ചയായി 63 പന്തുകളിൽ ചെന്നൈ ബാറ്റർമാരിൽ ആർക്കും ഒരു ബൗണ്ടറി പോലും നേടാൻ കഴിഞ്ഞില്ല. ചെന്നൈ ഇന്നിങ്സിന്റെ എട്ടാം ഓവറിലെ അഞ്ചാം പന്തിൽ രാഹുൽ ത്രിപാഠി ഒരു ഫോർ അടിച്ചിരുന്നു. പിന്നീട് ഒരു ബൗണ്ടറി കാണാൻ ചെന്നൈ ആരാധകർ കാത്തിരുന്നത് 18.3 ഓവർ വരെയാണ്. ശിവം ദുബെയാണ് ചെന്നൈയ്ക്കായി ബൗണ്ടറി നേടിയത്.
ബൗണ്ടറി നേടാതെ കൂടുതൽ പന്തുകൾ നേരിട്ട ടീമുകളുടെ പട്ടികയിൽ ഐപിഎൽ ചരിത്രത്തിൽ മൂന്നാമതാണ് ചെന്നൈ. നേരത്തെ 2021ൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസ് താരങ്ങൾക്ക് തുടർച്ചയായി 78 പന്തുകളിൽ ബൗണ്ടറി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായി ബൗണ്ടറികൾ നേടാതെ മുന്നോട്ടുപോയെന്ന നാണക്കേടിന്റെ റെക്കോർഡ് രാജസ്ഥാൻ റോയൽസിനാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഈ നാണക്കേടിൽ രണ്ടാമതുള്ളത്. 2015ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ തുടർച്ചായി 68 പന്തുകൾ കൊൽക്കത്ത താരങ്ങൾക്ക് ബൗണ്ടറി നേടാൻ കഴിയാതെ കളിക്കേണ്ടി വന്നു.
ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 10.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി.
Content Highlights: 63 Balls without a boundary for CSK