'ചെപ്പോക്കിലെ സാഹചര്യങ്ങൾ അറിയാവുന്ന താരങ്ങൾ KKR നിരയിലുണ്ട്': അജിൻക്യ രഹാനെ

'ചിലപ്പോൾ നന്നായി കളിച്ചാലും ടീം പരാജയപ്പെടും.'

dot image

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ തകർപ്പൻ വിജയത്തിൽ പ്രതികരണവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെ. 'കഴിഞ്ഞ രണ്ട് വർഷം ഞാൻ ഇവിടെ കളിച്ചിരുന്നു. മൊയീൻ ചെന്നൈയുടെ താരമായിരുന്നു. ഡ്വെയിൻ ബ്രാവോയ്ക്ക് ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് അറിയാം. പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് സഹായം ലഭിക്കുമെന്ന് ഞങ്ങൾ കരുതി. കൊൽക്കത്ത ടീമിന് കൃത്യമായ പദ്ധതികളുണ്ടായിരുന്നു. അത് കൃത്യമായി പ്രവർത്തിച്ചു.' അജിൻക്യ രഹാനെ മത്സരശേഷം പ്രതികരിച്ചു.

'ഐപിഎല്ലിൽ ഇനിയും ഒരുപാട് മത്സരങ്ങളുണ്ട്. കൂടുതൽ തന്ത്രങ്ങൾ പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചെന്നൈ ആദ്യം ബാറ്റ് ചെയ്യുമ്പോൾ 170-180 റൺസ് പ്രതീക്ഷിച്ചിരുന്നു. ആദ്യ ഓവറുകളിൽ തന്നെ മൊയീൻ അലി നന്നായി എറിഞ്ഞത് ​ഗുണകരമായി. സുനിൽ നരെയ്നും വരുൺ ചക്രവർത്തിയും മിഡിൽ ഓവറുകളിൽ ആധിപത്യം സ്ഥാപിച്ചു. വൈഭവിനെയും ഹർഷിതിനെയും കുറിച്ച് വളരെ സന്തോഷമുണ്ട്. അവർ വന്ന് ടീം പദ്ധതികൾ നടപ്പാക്കിയ രീതി മികച്ചതായിരുന്നു.' രഹാനെ പറഞ്ഞു.

'ഞാൻ എൻ്റെ ബാറ്റിങ് ആസ്വദിക്കുന്നു, കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഞാൻ കഠിനാധ്വാനം ചെയ്തു. കൂടുതൽ മുന്നോട്ട് ചിന്തിക്കുന്നതിനേക്കാൾ ഇപ്പോഴത്തെ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാനം. ആദ്യം മത്സരത്തിൽ വിജയിക്കുമ്പോൾ ലഭിക്കുന്ന രണ്ട് പോയിൻ്റ് നേടുക എന്നതായിരുന്നു ലക്ഷ്യം. ആറ് ഓവറിന് ശേഷം, ഞങ്ങൾ നേരത്തെ ഫിനിഷ് ചെയ്താൽ അത് നെറ്റ് റൺറേറ്റിന് ഗുണകരമാകുമെന്ന് കരുതി. ചിലപ്പോൾ നന്നായി കളിച്ചാലും ടീം പരാജയപ്പെടും. കഴിഞ്ഞ മത്സരത്തിൽ ലഖ്നൗവിനെതിരെ കൊൽക്കത്ത നാല് റൺസിന് തോറ്റു. അതുകൊണ്ട് കൂടുതൽ ശക്തമായ തയ്യാറെടുപ്പുകൾ കൊൽക്കത്ത ടീം നടത്തി.' രഹാനെ വ്യക്തമാക്കി.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിന്റെ തോൽവി വഴങ്ങി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 10.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി.

Content Highlights: We played here last two years, know the conditions well: Ajinkya Rahane

dot image
To advertise here,contact us
dot image