ധോണിയുടെ ബാറ്റിൽ പന്ത് തട്ടിയിരുന്നോ? മാഹിയുടെ ഔട്ടിൽ വിവാദം

ചെന്നൈ ഇന്നിങ്സിന്റെ 16-ാം ഓവറിലായിരുന്നു സംഭവം

dot image

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണിയുടെ വിക്കറ്റ് വിവാദത്തിൽ. ചെന്നൈയുടെ ബാറ്റിങ് നിര തകർന്നപ്പോൾ ഒമ്പതാമനായിട്ടാണ് ധോണി ക്രീസിലെത്തിയത്. നാല് പന്തുകളിൽ നിന്ന് ഒരു റൺസ് മാത്രമാണ് ധോണിക്ക് നേടാൻ സാധിച്ചത്. സുനിൽ നരെയ്ൻ എറിഞ്ഞ പന്തിൽ ധോണി വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. എന്നാൽ ധോണിയുടെ വിക്കറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ ചർച്ചാവിഷയം.

ചെന്നൈ ഇന്നിങ്സിന്റെ 16-ാം ഓവറിലായിരുന്നു സംഭവം. നരെയ്ൻ എറിഞ്ഞ ഓഫ് സ്പിൻ പന്ത് മനസ്സിലാക്കുന്നതിൽ ധോണിക്ക് സാധിച്ചില്ല. മുന്നോട്ട് കാൽ വെച്ച് കളിക്കാൻ ശ്രമിച്ച ധോണിക്ക് പന്തിനെ ബാറ്റുകൊണ്ട് പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ധോണിയുടെ പാഡിൽ പന്ത് ഉരസിയതോടെ നരെയ്ൻ വിക്കറ്റിനായി അപ്പീൽ ചെയ്തു. ഉടൻ തന്നെ അംപയർ ക്രിസ് ഗഫാനി ഔട്ടും വിധിച്ചു. എന്നാൽ പന്ത് ബാറ്റിൽ ഉരസിയെന്ന ഉറച്ച വിശ്വാസത്തിൽ ധോണി റിവ്യൂവിന് പോയി. മുന്നാം അംപയറുടെ പരിശോധനയിൽ പന്ത് ബാറ്റിൽ തട്ടിയെന്നതിന്റെ നേരിയ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഔട്ടെന്ന് സ്ക്രീനിൽ തെളിഞ്ഞതോടെ ക്രിക്കറ്റ് ലോകം അത്ഭുതപ്പെട്ടു. ധോണി പുറത്താകുകയും ചെയ്തു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ആരാധകർ ധോണിയുടെ ഔട്ടിൽ വ്യത്യസ്ത വാദങ്ങൾ ഉയർത്തുകയാണ്.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിന്റെ തോൽവി വഴങ്ങി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 10.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി.

Content Highlights: Controversy Erupts After MS Dhoni Given Out Despite Clear Spike

dot image
To advertise here,contact us
dot image