
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി. 'ചില രാത്രികൾ നമ്മുക്ക് അനുകൂലമാവില്ല. ചെന്നൈയുടെ പ്രകടനം ആഴത്തിൽ പഠിക്കേണ്ടതുണ്ട്. വെല്ലുവിളികളെ മറികടക്കണം. കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് മതിയായ റൺസ് നേടാൻ കഴിഞ്ഞില്ല. പന്ത് ബാറ്റിലേക്ക് വന്നത് പതുക്കെയായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്പിന്നർമാർ ഉള്ളതിനാൽ ചെന്നൈയ്ക്ക് ബാറ്റിങ് ബുദ്ധിമുട്ടായി. മികച്ച കൂട്ടുകെട്ടുകൾ നിർമ്മിക്കാനും ചെന്നൈയ്ക്ക് സാധിച്ചില്ല.' മത്സരശേഷം മഹേന്ദ്ര സിങ് ധോണി പ്രതികരിച്ചു.
'പിച്ചിലെ സാഹചര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ചെന്നൈ സൂപ്പർ കിങ്സിന് മികച്ച ഓപണർമാരുണ്ട്. ഓപണർമാർ കുറച്ച് ബൗണ്ടറികൾ നേടിയാൽ സ്കോർ മുന്നോട്ട് പോകും. എന്നാൽ പവർപ്ലേയിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ മധ്യനിര ബാറ്റർമാർ കഠിനാധ്വാനം ചെയ്യേണ്ടിവരും.' ധോണി വ്യക്തമാക്കി.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിന്റെ തോൽവിയാണ് വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 10.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യത്തിലെത്തി.
Content Highlights: Quite a few nights haven't gone our way: MS Dhoni