
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം സുനിൽ നരെയ്ൻ. 'മത്സരത്തിൽ ഒരു സമ്പൂർണ്ണ ഓൾറൗണ്ട് ഷോയല്ലേ നടത്തിയതെന്നായിരുന്നു മത്സരശേഷമുള്ള ഇന്റർവ്യൂവിൽ നരെയ്ൻ നേരിട്ട ചോദ്യങ്ങളിലൊന്ന്. ഏകദേശം എന്നായിരുന്നു താരത്തിന്റെ മറുപടി.' അടുത്ത മത്സരത്തിൽ ഒരു ക്യാച്ച് കൂടി എടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നരെയ്ൻ പറഞ്ഞു.
'എൻ്റെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. എതിർ ടീമിന്റെ ബാറ്റർമാർ നന്നായി കളിക്കും. എന്നാൽ അതിനെക്കുറിച്ച് ചിന്തിച്ചാൽ എന്റെ പ്രകടനം മോശമാകും. എതിർ ടീമിലെ താരങ്ങൾ നന്നായി കളിച്ചെന്ന് കരുതി അടുത്ത പന്തിൽ തന്നെ അവരുടെ വിക്കറ്റെടുക്കാനാണ് ശ്രമിക്കേണ്ടത്.' എന്ന് നരെയ്ൻ പ്രതികരിച്ചു.
'ബാറ്റുകൊണ്ട് നടത്തുന്ന മികച്ച പ്രകടനത്തെക്കുറിച്ചും നരെയ്ൻ സംസാരിച്ചു. ടീമിന് ഒരു മികച്ച തുടക്കം നൽകാനാണ് ഞാൻ ശ്രമിക്കുന്നത്. ചിലപ്പോൾ അത് വിജയിക്കും. മറ്റു ചിലപ്പോൾ പരാജയപ്പെടും.' നരെയ്ൻ വ്യക്തമാക്കി.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനമാണ് സുനിൽ നരെയ്ൻ പുറത്തെടുത്തത്. നാല് ഓവർ എറിഞ്ഞ സുനിൽ നരെയ്ൻ 13 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. പിന്നാലെ 18 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സറും സഹിതം നരെയ്ൻ 44 റൺസും സംഭാവന ചെയ്തു. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എട്ട് വിക്കറ്റിന് വിജയിച്ചു.
Content Highlights: Despite All-Round Show Sunil Narine Has One Complaint