
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് കനത്ത തിരിച്ചടി. ഓൾറൗണ്ടർ താരം ഗ്ലെൻ ഫിലിപ്സ് പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഏപ്രിൽ ആറിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനായി ഫീൽഡിങ് ചെയ്യുന്നതിനിടെയാണ് ഗ്ലെൻ ഫിലിപ്സിന് പരിക്കേറ്റത്. ന്യൂസിലാൻഡിലേക്ക് മടങ്ങുന്നുവെന്ന് ഫിലിപ്സ് പ്രസ്താവനയിൽ അറിയിച്ചു.
ഐപിഎല്ലിൽ അഞ്ച് മത്സരങ്ങിൽ നാലിലും വിജയിച്ച ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പകരക്കാരനായാണ് ഫിലിപ്സ് കളത്തിലെത്തിയത്. ഈ സീസണിൽ ഗുജറാത്ത് ടീമിൽ ഒരു മത്സരം പോലും കളിക്കാൻ ഫിലിപ്സിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് നിരയിലായിരുന്നപ്പോഴും താരത്തിന് കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. നിലവിൽ ഫിലിപ്സിന് പകരമായി ഗുജറാത്ത് ആരെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നേരത്തെ, വ്യക്തിപരമായ കാരണത്തെ തുടർന്ന് പേസർ കഗിസോ റബാദയുടെ സേവനും ഗുജറാത്തിന് നഷ്ടമായിരുന്നു. റബാദ എന്തുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയതെന്നോ എപ്പോൾ തിരിച്ചെത്തുമെന്നോ ഗുജറാത്ത് വ്യക്തത വരുത്തിയിട്ടില്ല. റബാഡയ്ക്കും ഗുജറാത്ത് ടൈറ്റൻസ് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: Phillips ruled out of IPL 2025 with groin injury