
സഞ്ജീവ് ഗോയങ്കയെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്നരാത്രിയാണ്. ഐപിഎല്ലിൽ തന്റെ ടീമായ ലഖ്‌നൗ സൂപ്പർ ജയൻറ്സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസിനെ ആറുവിക്കറ്റിന് തോൽപ്പിക്കുന്നു. മാസങ്ങൾ നീണ്ടുനിന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ കലാശപ്പോരിൽ തന്റെ ടീമായ മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് ബെംഗളൂരു എഫ്‌സിയെ തോൽപ്പിച്ച് കിരീടം നേടുന്നു.
ഇന്ത്യൻ സൂപ്പർ ലീഗ് 2025 സീസണിന്റെ ആവേശകരമായ ഫൈനൽ, എക്സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് ജയിച്ചാണ് ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനിലയിലായിരുന്നു. എന്നാൽ 96-ാം മിനിറ്റിൽ വലകുലുക്കി മക്ലാരൻ ബഗാനെ ചരിത്രത്തിലേക്ക് നയിച്ചു. ജയത്തോടെ ലീഗ് വിന്നേഴ്‌സ് ഷീൽഡിനൊപ്പം ഐഎസ്എൽ കപ്പും മോഹൻ ബഗാൻ സ്വന്തമാക്കി. ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐഎസ്എൽ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഈ ചരിത്രനേട്ടമാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്.
ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയൻറ്സ് പോരാട്ടത്തിൽ ലഖ്‌നൗ വിന് ആറുവിക്കറ്റിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറുവിക്കറ്റിന് 181 റൺസ് നേടിയപ്പോൾ ലഖ്‌നൗ മൂന്ന് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
Content Highlights: It's Goenka's night; Lucknow win big in IPL, Mohun Bagan wins ISL