
മലയാളി താരം വിഘ്‌നേഷ് പുത്തൂർ ക്രോസ് ബാറിലേക്ക് കൃത്യമായി ഷോട്ടുതിർക്കുന്ന വീഡിയോ പങ്കുവെച്ച് മുംബൈ ഇന്ത്യൻസ്. വീഡിയോ ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു. ഫുട്ബോളിന് ഏറെ പേരുക്കേട്ട മലപ്പുറത്ത് നിന്ന് വരുന്ന വിഘ്‌നേഷിന് ഇതൊക്കെ എന്ത് എന്ന രീതിയിലും പ്രതികരണങ്ങൾ വരുന്നുണ്ട്.
മുംബൈ ഇന്ത്യൻസിന്റെ ഈ വർഷത്തെ സെൻസേഷണൽ താരമാണ് മലയാളി സ്പിന്നറായ വിഘ്നേഷ് പുത്തൂർ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് വിഘ്നേഷ് സ്വന്തമാക്കിയത്. തുടർന്നുള്ള മത്സരങ്ങളിലും താരം തിളങ്ങി. ഇതുവരെ ആറ് വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. ഇതിനിടയിൽ ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിങ് ധോണിയും മത്സരത്തിനിടയിൽ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
മലപ്പുറത്തുകാരനായ വിഘ്നേഷ് കേരള ക്രിക്കറ്റിന്റെ സീനിയർ ടീമിൽ കളിച്ചിട്ടില്ല. വിഘ്നേഷിന്റെ പിതാവ് സുനിൽ കുമാർ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്, കെ പി ബിന്ദുവാണ് മാതാവ്. കേരള ക്രിക്കറ്റ് ലീഗിലെ തകർപ്പൻ പ്രകടനമാണ് 24കാരനായ വിഘ്നേഷിനെ മുംബൈ ഇന്ത്യൻസിൽ എത്തിച്ചത്. ഐപിഎൽ താരലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് വിഘ്നേഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
Content Highlights: mumbai indians shared vignesh puthur football skill, isl and kerala blasters get wonder