RCBയ്ക്കായി 1,000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം; ചരിത്ര നേട്ടത്തിൽ ദേവ്ദത്ത് പടിക്കൽ

രാജസ്ഥാൻ റോയൽസിനെതിരെ 28 പന്തുകളിൽ പുറത്താകാതെ 40 റൺസെടുത്തതോടെയാണ് പടിക്കൽ ചരിത്ര നേട്ടം കുറിച്ചത്.

dot image

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനായി ചരിത്ര നേട്ടം സ്വന്തമാക്കി ദേവ്ദത്ത് പടിക്കൽ. വിരാട് കോഹ്ലിക്ക് ശേഷം റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനായി 1000 ഐപിഎൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി ദേവ്ദത്ത് പടിക്കൽ മാറി. രാജസ്ഥാൻ റോയൽസിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ 28 പന്തുകളിൽ പുറത്താകാതെ 40 റൺസെടുത്തതോടെയാണ് പടിക്കൽ ചരിത്ര നേട്ടം കുറിച്ചത്.

നേരത്തെ 2019 മുതൽ 2021 വരെ പടിക്കൽ റോയൽ ചലഞ്ചേഴ്സിന്റെ താരമായിരുന്നു. ഇക്കാലയളവിലെ മികച്ച പ്രകടനം പടിക്കലിനെ രാജസ്ഥാൻ റോയൽസിലും ലഖ്നൗ സൂപ്പർ ജയന്റ്സിലുമെത്തിച്ചു. എന്നാൽ ഇരുടീമുകളിലും പടിക്കലിന്റെ പ്രകടനം മോശമായിരുന്നു. ഇതോടെ കഴിഞ്ഞ ഐപിഎൽ ലേലത്തിൽ പടിക്കൽ ആദ്യം അൺസോൾഡ് പട്ടികയിലായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ പടിക്കലിനെ ആർസിബി സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ഒമ്പത് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. 47 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 75 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ 17.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ആർസിബി ലക്ഷ്യത്തിലെത്തി.

33 പന്തിൽ അഞ്ച് ഫോറും ആറ് സിക്സറും സഹിതം 65 റൺസെടുത്ത ഫിൽ സോൾട്ടാണ് ആർസിബിയുടെ തുടക്കം ​ഗംഭീരമാക്കിയത്. 45 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 62 റൺസെടുത്ത വിരാട് കോഹ്‍ലി സോൾട്ടിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 92 റൺസ് പിറന്നു. 28 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും സഹിതം 40 റൺസെടുത്ത ദേവ്ദത്ത് പടിക്കലിന്റെ സംഭാവനയും ആർസിബി വിജയത്തിൽ നിർണായകമായി. കോഹ്‍ലിയുമൊത്ത് രണ്ടാം വിക്കറ്റിൽ 83 റൺസാണ് പടിക്കൽ കൂട്ടിച്ചേർത്തത്.

Content Highlights: Devdutt Padikkal became the second Indian batter for RCB to notch up 1000 IPL runs

dot image
To advertise here,contact us
dot image