
ഐപിഎല്ലിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. 'ജയ്പൂരിലെ പിച്ച് സ്ലോ വിക്കറ്റായിരുന്നു. ഇവിടെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നത് തിരിച്ചടിയായി. രാജസ്ഥാൻ നേടിയ 170 എന്നത് മികച്ച സ്കോർ ആയിരുന്നു. കാരണം പവർപ്ലേയിൽ ബാറ്റ് ചെയ്യാൻ രാജസ്ഥാൻ റോയൽസ് ബുദ്ധിമുട്ടി. റോയൽ ചലഞ്ചേഴ്സ് ഓപണർമാരായ സോൾട്ടും കോഹ്‍ലിയും പവർപ്ലേയിൽ ആക്രമിച്ച് കളിക്കുമെന്ന് അറിയാമായിരുന്നു. പവർപ്ലേയിൽ തന്നെ ആർസിബി മത്സരം വിജയിച്ചു.' സഞ്ജു സാംസൺ മത്സരശേഷം പ്രതികരിച്ചു.
മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരങ്ങളുടെ മോശം ഫീൽഡിങ്ങിനെക്കുറിച്ചും സഞ്ജു ചോദ്യം നേരിട്ടു. 'രാജസ്ഥാൻ മാത്രമല്ല, റോയൽ ചലഞ്ചേഴ്സും ക്യാച്ചുകൾ വിട്ടുകളഞ്ഞു. ആർസിബി നന്നായി ബാറ്റ് ചെയ്തു. അതുകൊണ്ട് ആർസിബിക്ക് ക്രെഡിറ്റ് നൽകണം. ആർസിബിക്ക് മുന്നിൽ വലിയൊരു വിജയലക്ഷ്യമുണ്ടായിരുന്നു. പക്ഷേ ടോസ് നിർണായകമായി എന്ന് പറയേണ്ടിവരും. മത്സരം 19-ാം അല്ലെങ്കിൽ 20-ാം ഓവർ വരെ കൊണ്ടുപോകാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ചില തെറ്റുകൾ സംഭവിച്ചു എന്നത് സത്യമാണ്. ഈ മത്സരം രാജസ്ഥാൻ മറക്കുകയാണ് വേണ്ടത്. ശക്തമായി തിരിച്ചുവരണം.' സഞ്ജു സാംസൺ വ്യക്തമാക്കി.
മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഒമ്പത് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. 47 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 75 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ 17.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ആർസിബി ലക്ഷ്യത്തിലെത്തി.
33 പന്തിൽ അഞ്ച് ഫോറും ആറ് സിക്സറും സഹിതം 65 റൺസെടുത്ത ഫിൽ സോൾട്ടാണ് ആർസിബിയുടെ തുടക്കം ഗംഭീരമാക്കിയത്. 45 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 62 റൺസെടുത്ത വിരാട് കോഹ്‍ലി സോൾട്ടിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 92 റൺസ് പിറന്നു. 28 പന്തിൽ അഞ്ച് ഫോറും ഒരു സിക്സറും സഹിതം 40 റൺസെടുത്ത ദേവ്ദത്ത് പടിക്കലിന്റെ സംഭാവനയും ആർസിബി വിജയത്തിൽ നിർണായകമായി. കോഹ്‍ലിയുമൊത്ത് രണ്ടാം വിക്കറ്റിൽ 83 റൺസാണ് പടിക്കൽ കൂട്ടിച്ചേർത്തത്.
Content Highlights: RCB dropped our catches, RR also dropped their catches: Sanju Samson