
ഇന്ത്യൻ പ്രീമിയർ ലീഗിൽ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ ഉയർത്തിക്കാട്ടിയ കുറിപ്പ് വാങ്ങി പരിശോധിക്കുന്ന പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരുടെ ദൃശ്യങ്ങൾ വൈറൽ. This one is for Orange Army എന്നെഴുതിയ ചെറിയ കുറിപ്പാണ് അഭിഷേക് ശർമ ഉയർത്തികാട്ടിയത്. 40 പന്തിൽ 11 ഫോറും 6 സിക്സും സഹിതമാണ് താരം അഭിഷേക് സെഞ്ച്വറി പൂർത്തിയാക്കിയത്.
സെഞ്ച്വറി നേടിയ അഭിഷേകിനെ അഭിനന്ദിക്കാനായി അടുത്തെത്തിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ, ഇതിനിടെ കുറിപ്പു കയ്യിൽ നിന്ന് വാങ്ങി വായിച്ചു . കഴിഞ്ഞ ആറു മത്സരങ്ങളായി അഭിഷേക് ഈ കുറിപ്പ് പോക്കറ്റിലിട്ട് നടക്കുകയാണെന്നും, ഇപ്പോഴെങ്കിലും വെളിച്ചം കണ്ടതിൽ സന്തോഷമെന്നും തമാശ രൂപേണ പ്രതികരിച്ച് താരത്തിന്റെ സഹ ഓപ്പണർ ട്രാവിസ് ഹെഡും രംഗത്തെത്തിയിരുന്നു.
അഭിഷേകിന്റെ മികവിൽ നാല് തുടർതോൽവികളിൽ സീസണിൽ പിറകെ പോയ സൺറൈസേഴ്സ് ഹൈദരാബാദ് ഹൈദരാബാദിന് തിരിച്ചുവരാനും കഴിഞ്ഞു. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് നാല് തോൽവിയും രണ്ട് ജയവുമായി ചെന്നൈയ്ക്കും മുംബൈയ്ക്കും മുന്നിൽ ഒമ്പതാം സ്ഥാനത്താണ്.
സെഞ്ച്വറി വെടിക്കെട്ടുമായി അഭിഷേക് ശർമ നിറഞ്ഞാടിയപ്പോൾ എട്ടുവിക്കറ്റിനാണ് ജയം. പഞ്ചാബ് സൂപ്പർ കിങ്‌സ് ഉയർത്തിയ 245 റൺസ് വിജയ ലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അഭിഷേക് 55 പന്തിൽ 14 ഫോറും 10 സിക്‌സും അടക്കം 141 റൺസ് നേടി. ഹൈദരാബാദിൻറെ മറ്റൊരു ഓപണർ ട്രാവിസ് ഹെഡ് 37 പന്തിൽ 66 റൺസുമായി തകർപ്പൻ വെടിക്കെട്ട് നടത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ 245 റൺസാണ് നേടിയത്. ശ്രേയസ് അയ്യർ 36 പന്തിൽ ആറുവീതം സിക്‌സും ഫോറും അടക്കം 82 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസുമായി തിളങ്ങി. പ്രഭ്സിമ്രാൻ 42 റൺസ് നേടിയും നേഹൽ വദ്ഹേര 27 റൺസ് നേടിയും സ്റ്റോയിൻസ് 34 റൺസ് നേടിയും ടോട്ടലിലേക്ക് മികച്ച സംഭാവന നൽകി.
Content Highlights: Shreyas Iyer was reading that paper of Abhishek Sharma