
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മത്സരത്തിൽ മുംബൈ ഇന്ത്യന്‍സ് വിജയിച്ചപ്പോൾ മുൻ നായകൻ രോഹിത് ശർമയുടെ ചില നിര്‍ണായക ഉപദേശങ്ങളാണ് വിജയകാരണങ്ങളെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് മുട്ടുകുത്തിച്ചത്. കരുണ്‍ നായരുടെ മികച്ച ഇന്നിങ്സിന്റെ ബലത്തിൽ ഒരു സമയത്തു ഡിസി അനായാസം കളി ജയിക്കുമെന്നായിരുന്നു കരുതിയിരുന്നത്.
ഡഗൗട്ടില്‍ നിന്നും രോഹിത് നല്‍കിയ ഒരു നിര്‍ദേശമാണ് കളിയിലെ വഴിത്തിരിവായി മാറിയത്. 13ാം ഓവറിനു ശേഷം മുംബൈ കോച്ച് മഹേല ജയവര്‍ധനെയുമായും ബൗളിങ് കോച്ച് പരസ് മാംബ്രെയുമായും രോഹിത് ഏറെ നേരം ഗ്രൗണ്ടില്‍ വച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അതിനു ശേഷം മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയോടു രണ്ടാമത്തെ ന്യൂബോള്‍ എടുക്കാനും ലെഗ് സ്പിന്നറെ ബൗളിങില്‍ കൊണ്ടുവരാനും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ലെഗ് സ്പിന്നറായ കരണിനെ ബൗളിങില്‍ ഹാര്‍ദിക് കൊണ്ടു വരികയും ട്രിസ്റ്റണ്‍ സ്റ്റബ്‌സും കെഎല്‍ രാഹുലും പിന്നാലെ പുറത്താവുകുമായിരുന്നു. അതിനു ശേഷമാണ് രോഹിത്തിന്റെ ടിപ്സാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന അഭിപ്രായം ഉയർന്നുവന്നത്.
എന്നാല്‍ ഫാൻസിന്റെ ഈ അഭിപ്രായത്തെ ഖണ്ഡിക്കുകയാണ് കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കർ. രോഹിത്തല്ല, മറിച്ച് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു തന്നെയാണ് വിജയത്തിന്റെ ക്രെഡിറ്റെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഒരുപാട് ആളുകള്‍ മുംബൈയുടെ വിജയത്തിന്റെ ക്രെഡിറ്റ് രോഹിത് ശര്‍മയ്ക്കു നല്‍കുന്നത് കാണാന്‍ സാധിച്ചു. അത് തെറ്റായ ധാരണയാണ്. ടീമിനെ സംബന്ധിച്ച് അവസാനത്തെ കോള്‍ എടുക്കേണ്ടയാള്‍ ടീം ക്യാപ്റ്റനാണ്. ഹാര്‍ദിക്കിനു പകരം രോഹിത്തിനു ക്രെഡിറ്റ് നല്‍കുകയാണെങ്കില്‍ അതു തെറ്റാണ്. നിര്‍ദേശങ്ങള്‍ ആര്‍ക്കും നല്‍കാം. പക്ഷെ ഒരു നിര്‍ദേശം തെറ്റായി മാറിയാല്‍ ആളുകള്‍ അതിനു ഹാര്‍ദിക്കിനെ കുറ്റപ്പെടുത്തുകയും ചെയ്യും. പുറത്തിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതു എളുപ്പമാണ്. മുംബൈയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഹാര്‍ദിക്കിനു തന്നെയാണ് കിട്ടേണ്ടത്. കാരണം ഹാര്‍ദിക്കാണ് ക്യാപ്റ്റൻ. മഞ്ജരേക്കർ പറഞ്ഞു.
content highlights: Credit goes to Hardik, not Rohit for Karn Sharma move: Manjrekar