ഇതാവും കരുൺ ചോദിച്ച ആ ഒരവസരം; അത് പറയാൻ അയാളുടെ ടീം വിജയത്തിലെത്തിയില്ല

കരുണിന്റെ പോരാട്ടം വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കുകയാണ്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ആധിപത്യം ഐപിഎല്ലിലും കരുൺ തുടരുകയാണ്.

dot image

പ്രിയപ്പെട്ട ക്രിക്കറ്റ്, ഇതാണ് ഞാൻ ചോദിച്ച ആ ഒരവസരം. കരുൺ നായർ മനസിലെങ്കിലും ഈ വാക്കുകൾ മന്ത്രിക്കുന്നുണ്ടാവും. തുറന്നുപറയാൻ അയാൾക്ക് കഴിയാതെപോയി. അതിനുകാരണം അയാളുടെ പോരാട്ടം ടീമിന്റെ വിജയമായി മാറിയില്ല എന്നതാവും.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് - ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നാലിന് 205 റൺസെന്ന മികച്ച ടോട്ടൽ ഉയർത്തി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ഡൽഹിക്ക് റൺസെടുക്കും മുമ്പെ ജെയ്ക് ഫ്രെയ്സർ മക്​​ഗർ​ഗിനെ നഷ്ടമായി. മൂന്നാം നമ്പറിൽ ഇംപാക്ട് താരമായി കരുൺ ക്രീസിലെത്തി. വമ്പൻ വിജയലക്ഷ്യം മുന്നിൽ നിൽക്കെ കരുണിനെ കളത്തിലിറക്കാൻ കാണിച്ച ഡൽഹി ടീമിന്റെ ധൈര്യം സമ്മതിക്കുക തന്നെ വേണം. പിന്നെ കരിയറിലെ മോശം സമയത്തുണ്ടായ അഴുക്ക് പുരണ്ട കറകളെല്ലാം കരുൺ കഴുകി കളഞ്ഞു.

1077 ദിവസങ്ങളുടെ ഇടവേളയിലാണ് കരുൺ ഐപിഎൽ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിൽ കരുണിന്റെ ഒമ്പതാമത്തെ മാത്രം ഐപിഎൽ മത്സരം. ലോകോത്തര ബൗളർമാരെ തല്ലിതകർക്കുന്ന ബാറ്റിങ്. ട്രെന്റ് ബോൾട്ടിന്റെ ആദ്യ ഓവറിൽ മൂന്ന് ബൗണ്ടറികൾ. ജസ്പ്രീത് ബുംമ്രയെ രണ്ട് തവണ നിലംതൊടാതെ അനായാസം ​ഗ്യാലറിയിലെത്തിച്ചു. ഏഴ് വർഷത്തിന് ശേഷം കരുണിന് ഐപിഎൽ അർധ സെഞ്ച്വറി.

ഒടുവിൽ 89 റൺസിൽ കരുൺ മിച്ചൽ സാന്റനറിന് കീഴടങ്ങി. അവിടെയാണ് ഡൽഹിക്ക് കളിയും നഷ്ടമായത്. 12 റൺസ് അകലെ ഡൽഹി മത്സരം കൈവിട്ടു. പക്ഷേ കരുണിന്റെ പോരാട്ടം വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കുകയാണ്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ആധിപത്യം ഐപിഎല്ലിലും കരുൺ തുടരുകയാണ്.

Content Highlights: Karun Nair returns to IPL with a sensational innings

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us