
ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ചരിത്രത്തിൽ പ്ലെയർ ഓഫ് ദ മാച്ച് അവാർഡിന് അർഹനാകുന്ന പ്രായം കൂടിയ താരമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണി. മത്സരത്തിൽ വിക്കറ്റ് കീപ്പറായും ബാറ്ററായും ഒരുപോലെ തിളങ്ങിയാണ് നാൽപ്പത്തിമൂന്നുകാരനായ ധോണി മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. മത്സരത്തിൽ ചെന്നൈയുടെ വിജയത്തിൽ നിർണായകമായതും ധോണിയുടെ പ്രകടനമാണ്.
ലഖ്നൗവിനെതിരെ 11 പന്തിൽ നാലു ഫോറും ഒരു സിക്സറും സഹിതം പുറത്താകാതെ 26 റൺസാണ് ധോണി നേടിയത്. കൂടാതെ വിക്കറ്റിനു പിന്നിൽ ഒരു ക്യാച്ചും ഒരു സ്റ്റംപിങ്ങും ഒരു തകർപ്പൻ റണ്ണൗട്ടുമായും ധോണി തിളങ്ങിയിരുന്നു. 2014ൽ 42 വർഷവും 209 ദിവസവും പ്രായമുള്ളപ്പോൾ രാജസ്ഥാൻ റോയൽസിനായി കൊൽക്കത്തയ്‌ക്കെതിരെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ പ്രവീൺ താംബെയുടെ റെക്കോർഡാണ്, 43 വർഷവും 283 ദിവസവും പ്രായമുള്ള ധോണി മറികടന്നത്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനോട് അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് 168 റൺസെടുത്ത് ലക്ഷ്യത്തിലെത്തി.
Content Highlights: MS Dhoni creates history as the Oldest player to win Man of the Match award in IPL