
മഹേന്ദ്ര സിംഗ് ധോണിയുടെ കാര്യത്തിൽ എല്ലാം ശരിയാണോ? ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും തിരിച്ചടി നേരിടുകയാണോ? ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ സിഎസ്‌കെയെ അഞ്ച് വിക്കറ്റിന് വിജയിപ്പിച്ച ശേഷം ക്രിക്കറ്റ് ലോകത്ത് നിന്നുയർന്ന പ്രധാന ചോദ്യം ഇതായിരുന്നു. 11 പന്തിൽ നിന്ന് 26 റൺസ് നേടി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചെങ്കിലും താരം സ്റ്റേഡിയത്തിൽ നിന്ന് പുറത്തുപോകുമ്പോൾ മുടന്തി നിൽക്കുന്നതായി കാണപ്പെട്ടിരുന്നു. എന്നാലിപ്പോളിതാ താരം പൂർണ ഫിറ്റല്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വിക്കറ്റിന് പിന്നിൽ 20 ഓവറും നിൽക്കേണ്ടി വരുന്നതും ക്യാപ്റ്റനെന്ന നിലയിൽ ഫീൽഡും ബോളർമാരെയും നിയന്ത്രിക്കേണ്ടി വരുന്നതും മധ്യനിരയിൽ ഒരുപാട് നേരം ബാറ്റ് ചെയ്യേണ്ടി വരുന്നതും താരത്തെ തളർത്തുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ താരത്തെ മാറ്റിനിർത്തിയിട്ടുള്ള പ്ലാൻ ചെന്നൈയെ സംബന്ധിച്ചിടത്തോളം സാധ്യവുമല്ല. റുതുരാജ് പരിക്കുമൂലം സീസണിൽ നിന്ന് തന്നെ പുറത്തായതും മറ്റ് താരങ്ങൾ ഫോമിലേക്കെത്താത്തതും വലിയ പ്രതിസന്ധിയാണ് ടീമിൽ സൃഷ്ടിച്ചിട്ടുള്ളത്. ധോണി ഉടൻ പൂർണ ഫിറ്റിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ടീമും ആരാധകരും.
അതേ സമയം ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈ തിരിച്ചുവരവ് നടത്തിയത്. ലഖ്‌നൗ ഉയർത്തിയ 166 റൺസ് 19 .1 ഓവറിൽ ലക്ഷ്യം കണ്ടു. അഞ്ചുമത്സരങ്ങൾക്ക് ശേഷം ജയിക്കാനായാലും പോയിന്റ് ടേബിളിൽ ഇപ്പോഴും ഏറ്റവും അവസാന സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങൾ മുഴുവനും ജയിച്ചാൽ മാത്രമേ പ്‌ളേ ഓഫ് സാധ്യത ഉറപ്പുവരുത്താനാകൂ.
Content Highlights:ms dhoni injury updates after csk lsg match