
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് പേസ് ബൗളർ മായങ്ക് യാദവ് ടീമിൽ തിരിച്ചെത്തി. മായങ്ക് തന്റെ പരിക്കിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ചെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. പരിക്കിനെ തുടർന്ന് സീസണിൽ ഇതുവരെ കളിക്കാൻ കഴിയാതിരുന്ന താരം ഇന്നാണ് ടീമിനൊപ്പം ചേർന്നത്.
കഴിഞ്ഞ സീസണിലും പരിക്ക് അലട്ടിയതിനെ തുടർന്ന് മായങ്ക് യാദവിന് നാല് മത്സരങ്ങൾ മാത്രമാണ് കളിക്കാൻ സാധിച്ചിരുന്നത്. എങ്കിലും ഐപിഎൽ താരലേലത്തിന് മുമ്പായി 11 കോടി രൂപയ്ക്ക് മായങ്കിനെ ലഖ്നൗ നിലനിർത്തുകയായിരുന്നു. 150 കിലോമീറ്ററിന് മുകളിൽ തുടർച്ചയായി പന്തെറിഞ്ഞാണ് ഈ യുവ താരം ശ്രദ്ധയാകർഷിക്കുന്നത്.
ഐപിഎൽ പോയിന്റ് ടേബിളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ലഖ്‌നൗ സൂപ്പർ ജയൻ്റ്സ്. സീസണിൽ ഏഴ് മത്സരങ്ങൾ പിന്നിടുമ്പോൾ നാലെണ്ണത്തിലും വിജയം നേടാൻ ലഖ്നൗവിന് സാധിച്ചു. ഈ യുവതാരത്തിന്റെ തിരിച്ചുവരവോടെ ബൗളിങ്ങ് യൂണിറ്റ് ശക്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റിഷഭ് പന്തും സംഘവും.
Content Highlights: Mayank Yadav recovers from injury and joined LSG camp