
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ആദരം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡിന് രോഹിത് ശർമയുടെ പേര് നൽകാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു. രോഹിത് ശർമയെ കൂടാതെ, അന്തരിച്ച ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം അജിത് വഡേക്കറുടെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റായിരുന്ന ശരദ് പവാറിൻ്റെയും പേരുകൾ സ്റ്റേഡിയത്തിലെ മറ്റ് രണ്ട് സ്റ്റാൻഡുകൾക്കും നൽകും.
വാംഖഡെ സ്റ്റേഡിയത്തിലെ ലെവൽ 3ലെ ദിവേച്ച പവലിയനാണ് രോഹിത് ശർമ സ്റ്റാൻഡ് എന്ന് പേര് മാറുക. ലെവൽ 3ലെ ഗ്രാൻഡ് സ്റ്റാൻഡ് ശരദ് പവാറിൻ്റെ പേരിലും ലെവൽ 4 സ്റ്റാൻഡ് അജിത് വഡേക്കറുടെ പേരിലും ഇനിമുതൽ അറിയപ്പെടും. നിലവിൽ വാംഖഡെ സ്റ്റേഡിയത്തിൽ സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്കർ, വിജയ് മർച്ചൻ്റ്, ദിലീപ് വെങ്സർക്കാർ എന്നിവരുടെ പേരുകളിലാണ് സ്റ്റാൻഡുകളുള്ളത്.
2023ൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ് നേടിയിരുന്നു. പിന്നാലെ ഈ വർഷം ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിന്റെ നായകനും രോഹിത് ആയിരുന്നു. 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിൽ എത്തിക്കാനും രോഹിത് ശർമയുടെ നായകമികവിന് സാധിച്ചിരുന്നു. മുംബൈ ഇന്ത്യൻസിന് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടി നൽകിയ നായകനുമാണ് രോഹിത് ശർമ.
Content Highlights: MCA announced Stand for Indian Captain Rohit Sharma at Wankhede stadium