
കഴിഞ്ഞ ദിവസങ്ങളിൽ ഐപിഎൽ മത്സരങ്ങൾക്കിടെ അംപയർമാർ താരങ്ങളുടെ ബാറ്റ് പരിശോധിക്കുന്ന അസാധാരണ സംഭവങ്ങൾ നടന്നിരുന്നു. രാജസ്ഥാൻ റോയൽസ് – ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് മത്സരത്തിനിടെ ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ, ബെംഗളൂരുവിന്റെ ഇംഗ്ലിഷ് താരം ഫിൽ സോൾട്ട് എന്നിവരെ തടഞ്ഞുനിർത്തിയാണ് അംപയർമാർ പ്രത്യേക ബാറ്റ് പരിശോധന നടത്തിയത്.
രാജസ്ഥാൻ ഇന്നിങ്സിലെ 16 ഓവറിൽ ഓപ്പണർ യശസ്വി ജയ്‌സ്വാൾ പുറത്തായതോടെയാണ് ഷിമ്രോൺ ഹെറ്റ്മെയർ ബാറ്റിങ്ങിന് എത്തിയത്. ഓൺഫീൽഡ് അംപയർ താരത്തെ തടഞ്ഞുനിർത്തി ബാറ്റ് പരിശോധിക്കുകയായിരുന്നു. ശേഷം ആർസിബിയുടെ മറുപടി ബാറ്റിങ്ങിൽ ഓപ്പണറായി ഇറങ്ങിയ ഫിൽ സാൾട്ടിന്റെ ബാറ്റും പരിശോധനയ്ക്ക് വിധേയമാക്കി. സാൾട്ടിന് പിന്നാലെ ഇറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ബാറ്റും പരിശോധിച്ചു. ശേഷമുള്ള രണ്ടാം മത്സരത്തിലെ മുംബൈ ഡൽഹി മത്സരത്തിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഉൾപ്പെടെ ബാറ്റുകൾ പരിശോധിച്ചിച്ചിരുന്നു.
ഇപ്പോൾ ഇങ്ങനെ ബാറ്റ് പരിശോധിക്കുന്നതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് രാജസ്ഥാൻ താരമായ നിതീഷ് റാണ. ടി20 ക്രിക്കറ്റ് വളരെ കുറഞ്ഞ സമയമാണല്ലോ ഉള്ളത്. അംപയർമാർക്ക് സമയം കിട്ടികയാണെങ്കിൽ ബാറ്റ് ചെക്ക് ചെയ്യുന്നതിനോട് എനിക്ക് അഭിപ്രായവ്യത്യാസമില്ല. അതവരുടെ അവകാശമാണ്. കഴിഞ്ഞ മത്സരത്തിൽ എന്റെ ബാറ്റും ചെക്ക് ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നത് 60-70 ശതമാനം ബാറ്റർമാരുടെ ബാറ്റും കഴിഞ്ഞ മത്സരത്തിനിടെ അംപയർമാർ ചെക്ക് ചെയ്തിട്ടുണ്ടാവുമെന്നാണ്. നമുക്ക് അത് കൺട്രോൾ ചെയ്യാനാവില്ല. ഞങ്ങൾക്ക് ബാറ്റ് ലഭിക്കുന്നത് സ്പോൺസർമാരിൽ നിന്നാണ്. അംപയർമാർക്ക് ചെക്ക് ചെയ്യണമെന്നുണ്ടെങ്കിൽ അതൊരു പ്രശ്നമല്ല, നിതീഷ് പറഞ്ഞതിങ്ങനെ.
ഐപിഎൽ ചട്ടപ്രകാരമുള്ള അളവുകൾക്കുള്ളിൽ നിൽക്കുന്ന ബാറ്റാണോ ഉപയോഗിക്കുന്നത് എന്നായിരുന്നു പരിശോധന. ഐപിഎൽ നിയമത്തിലെ 5.7 വകുപ്പു പ്രകാരം ബാറ്റിന്റെ നീളം ഹാൻഡിൽ ഉൾപ്പെടെ 38 ഇഞ്ചിൽ കൂടാൻ പാടില്ല. ഐപിഎൽ നിയമങ്ങൾ താരങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് പരിശോധനയെന്നാണ് വിശദീകരണം.
content highlights: nithish rana about umpire's bat check during ipl matches