ഒടുവിൽ BCCI വടിയെടുത്തു; ഗംഭീറിന്റെ വലംകയ്യനെയുംപുറത്താക്കി; കോച്ചിംഗ് സ്റ്റാഫില്‍ അഴിച്ചുപണി

ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്തുവന്നത്

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ കോച്ചിംഗ് സ്റ്റാഫില്‍ വമ്പൻ അഴിച്ചുപണിയുമായി ബിസിസിഐ. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീന്റെ വലം കൈ കൂടിയായിരുന്ന സഹ പരിശീലകൻ അഭിഷേക് നായരെയും ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിനെയും സ്ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് സോഹം ദേശായിയെയും ബിസിസിഐ പുറത്താക്കി.

കഴിഞ്ഞ വര്‍ഷം ടി20ലോകകപ്പ് വിജയത്തിന് ശേഷം രാഹുല്‍ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ എത്തിയപ്പോഴാണ് സഹ പരിശീലകനായിരുന്ന അഭിഷേക് നായർ കൂടെ എത്തിയത്. ടി ദിലീപ് ആകട്ടെ രാഹുല്‍ ദ്രാവിഡിന് കീഴിലും ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു. ഗൗതം ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ സഹ പരിശീലകരായിരുന്ന റിയാന്‍ ടെന്‍ ഡോഷെറ്റെ, ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ എന്നിവരെ തല്‍സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്.

അഭിഷേക് നായർക്കും സോഹം ദേശായിക്കും പകരക്കാരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്തുവന്നത്. ജൂണ്‍ 20 മുതലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയും ഇന്ത്യൻ കൈവിട്ടിരുന്നു. അതിന് പിന്നാലെ അഴിച്ചുപണിക്ക് സൂചനയുണ്ടായിരുന്നുവെങ്കിലും നടന്നില്ല. ശേഷം ഗംഭീറിന്റെ കീഴിൽ ഇന്ത്യ ചാംപ്യൻസ് ട്രോഫി കിരീടവും നേടിയിരുന്നു. ഈ ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായി താരങ്ങൾക്കും പരിശീലകർക്കും മേലെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Content Highlights:BCCI sacks coaches Abhishek Nayar and T Dilip

dot image
To advertise here,contact us
dot image