രാജസ്ഥാൻ ടീമിൽ ഭിന്നതയില്ല; ക്യാപ്റ്റൻ സഞ്ജുവുമായി ഉടക്കിലാണെന്ന വാർത്ത നിഷേധിച്ച് ദ്രാവിഡ്

പരിക്കേറ്റ സഞ്ജു സാംസൺ അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ദ്രാവിഡ് പറഞ്ഞു.

dot image

രാജസ്ഥാൻ റോയൽസ് പരിശീലകനായ താനും രാജസ്ഥാൻ ക്യാപ്റ്റനായ സഞ്ജു സാംസണും ഉടക്കിലാണെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ടീമിൽ യാതൊരു വിധ പ്രശ്നങ്ങളില്ലെന്നും ദ്രാവിഡ്. അഭ്യൂഹങ്ങൾ പരത്തി ടീമിന്റെ ആത്‌മവിശ്വാസം കളയരുതെന്നും ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ ദ്രാവിഡ് പറഞ്ഞു. പരിക്കേറ്റ സഞ്ജു സാംസൺ അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ദ്രാവിഡ് പറഞ്ഞു.

നേരത്തെ തന്നെ കോച്ചായ ദ്രാവിഡും സഞ്ജുവും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ട് എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോൾ ടീമിന്റെ ചര്‍ച്ചകളിൽ നിന്ന് സഞ്ജു വിട്ടുനിന്നത് വാർത്തയായിരുന്നു. അതിനൊപ്പം തന്നെ കഴിഞ്ഞ സീസണിലെ മാച്ച് വിന്നേഴ്സ് ആയ താരങ്ങളുടെ അഭാവവും രാജസ്ഥാൻ പ്ലേയിങ് ഇലവനെ ശുഷ്ക്കമാക്കുന്നുണ്ട്. സഞ്ജുവിനെ പരിക്കും അലട്ടുന്നുണ്ട്. മാത്രവുമല്ല, ഭാവി നായകനായി റിയാൻ പരാ​ഗിനെ ഇപ്പോഴേ രാജസ്ഥാൻ ഉയർത്തിക്കാട്ടാൻ തുടങ്ങിയതോടെ സഞ്ജുവിന് ടീമിന്റെ മേലുള്ള കടിഞ്ഞാൺ നഷ്ടപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേ സമയം ഐ പി എല്ലിൽ ഏറ്റവും നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്ന ടീമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. സം​ഗക്കാരയക്ക് പകരം ദ്രാവിഡ് കോച്ച് സ്ഥാനമേറ്റെടുത്തതോടെ തങ്ങളുടെ പ്രഭാവം നഷ്ടപ്പെട്ട ഒരു രാജസ്ഥാനെയാണ് ഇപ്പോൾ ഈ ഐപിഎല്ലിൽ കണ്ടുകൊണ്ടിരിക്കുന്നത്. വെറും രണ്ട് മത്സരം മാത്രമാണ് ഈ സീസണിൽ രാജസ്ഥാൻ വിജയിച്ചിരിക്കുന്നത്.

Content highlights: Dravid addresses rumours with sanju samson in Rajasthan Royals

dot image
To advertise here,contact us
dot image