
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലെ തോൽവിയിൽ പ്രതികരണവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ കമ്മിൻസ്. പിച്ചിന്റെ പെരുമാറ്റം വിചാരിച്ച പോലെയായില്ലെന്നും മുംബൈ ബോളർമാർ നന്നായി പന്തെറിഞ്ഞ് വിജയം പിടിച്ചെടുത്തുവെന്നും കമ്മിൻസ് പറഞ്ഞു. കുറച്ചുകൂടി വേഗമുള്ള പിച്ചായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 200 മുകളിൽ സ്കോർ ചെയ്യുമെന്ന് ഉറപ്പിച്ചിരുന്നു, എന്നാൽ ടോപ് ഓർഡർ മുതൽ ബാറ്റിങ്ങിൽ വെല്ലുവിളി നേരിട്ടു, കമ്മിൻസ് കൂട്ടിച്ചേർത്തു.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. 40 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ടോപ് സ്‌കോറര്‍.
11 പന്തുകൾ ബാക്കിനിൽക്കെയാണ് മുംബൈ ലക്ഷ്യം മറികടന്നത്. മുംബൈയ്ക്ക് വേണ്ടി റയാൻ റിക്കിൽട്ടൻ 31 റൺസും വിൽ ജാക്സ് 36 റൺസും നേടി. സൂര്യകുമാർ യാദവും രോഹിത് ശർമയും 26 റൺസ് വീതവും ക്യാപ്റ്റൻ ഹാർദിക് 21 റൺസും നേടി.
അതേ സമയം തോൽവിയോടെ ഹൈദരാബാദിന്റെ പ്ളേ ഓഫ് സാധ്യത വെല്ലുവിളിയിലായിട്ടുണ്ട്. നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമായി നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. മുംബൈ പക്ഷെ തുടർച്ചയായ രണ്ട് ജയങ്ങളുടെ തിരിച്ചുവരവിൽ ആറ് പോയിന്റുമായി ഏഴാം സ്ഥാനത്തെത്തിയിട്ടുണ്ട്.
Content highlights: pat cummins on lose to mumbai and ipl 2025 futture chances