
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മികച്ച ബൗളിങ് പ്രകടനത്തിൽ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരം ക്രുനാൽ പാണ്ഡ്യ. 'പഞ്ചാബിനെ ചെറിയ സ്കോറിൽ ഒതുക്കാൻ കഴിഞ്ഞത് മികച്ച ശ്രമമായിരുന്നു. പവർപ്ലേയിൽ പഞ്ചാബ് നന്നായി ബാറ്റ് ചെയ്തിരുന്നു. അത് ആർ സി ബിയെ സമ്മർദ്ദത്തിലാക്കി. ആ സാഹചര്യത്തിൽ നിന്ന് പഞ്ചാബിനെ 157 റൺസിൽ ഒതുക്കിയത് വലിയ നേട്ടമാണ്.' ക്രുനാൽ പാണ്ഡ്യ മത്സരത്തിന്റെ ഇടവേളയിൽ പ്രതികരിച്ചു.
'ഫാസ്റ്റ് ബൗളർമാർ പന്തെറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായത്, പേസ് ഉള്ള ഡെലിവറികൾ നേരിടാൻ വളരെ എളുപ്പമായിരുന്നുവെന്നാണ്. ഈ പിച്ചിൽ നിങ്ങൾ എത്രത്തോളം പതുക്കെ എറിയുന്നുവോ അത്രത്തോളം ബാറ്റർമാർക്ക് ബുദ്ധിമുട്ടാകുന്നുവെന്ന് എനിക്ക് മനസ്സിലായി. ആർസിബി നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്. പവർപ്ലേ നിർണായകമാകും. നന്നായി ബാറ്റ് ചെയ്താൽ ഈ സ്കോർ പിന്തുടർന്ന് വിജയിക്കാൻ കഴിയും.' ക്രുനാൽ പാണ്ഡ്യ വ്യക്തമാക്കി.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. പ്രിയാൻഷ് ആര്യ 15 പന്തിൽ പ്രിയാൻഷ് 22, പ്രഭ്സിമ്രാൻ സിങ് 17 പന്തിൽ പ്രഭ്സിമ്രാൻ 33, ജോഷ് ഇൻഗ്ലീഷ് 17 പന്തിൽ 29, ശശാങ്ക് സിങ് 33 പന്തിൽ പുറത്താകാതെ 31, മാർകോ ജാൻസൻ 20 പന്തിൽ പുറത്താകാതെ 25 എന്നിവരുടെ പ്രകടനമാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ആർസിബിക്കായി ക്രുനാൽ പാണ്ഡ്യ, സുയാഷ് ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: The slower you bowl, it's difficult for batters: Krunal Pandya